തെലങ്കാനയിൽ സ്കൂൾ ആക്രമിച്ച് വൈദികനെ മർദ്ദിച്ച ഒമ്പതുപേർ അറസ്റ്റിൽ; തീവ്രഹിന്ദു സംഘടന അതിക്രമം നടത്തിയത് ബുധനാഴ്ച; സഭാവസ്ത്രം ഒഴിവാക്കാൻ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി
ഹൈദരാബാദ്: സിറോ മലബാര്‍ സഭയുടെ ആദിലാബാദ് രൂപതയുടെ കീഴിലുള്ള സ്‌കൂള്‍ തല്ലിത്തകര്‍ക്കുകയും മാനേജരായ വൈദികനെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ ഒമ്പത് പ്രതികളെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ആദിലാബാദ് രൂപത ബിഷപ്പ് ആന്റണി പ്രിന്‍സ് പാണേങ്ങാടനാണ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചത്.
ഈ മാസം 16നാണ് ഒരുപറ്റം തീവ്ര ഹിന്ദുത്വവാദികള്‍ തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ ലക്‌സിപേട്ട് ഗ്രാമത്തിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ അതിക്രമം അഴിച്ചുവിട്ടത്. ഉടന്‍ തന്നെ ജില്ലാ ഭരണകൂടം സ്‌കൂളിന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചു. മിഷണറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി ബ്ലസ്ഡ് എന്ന സന്യാസസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിദ്യാഭ്യാസ സ്ഥാപനം
ഹനുമാന്‍ ദീക്ഷയോടനുബന്ധിച്ച് കുട്ടികളെ കാവി വസ്ത്രം ധരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചില്ല എന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. മലയാളിയായ സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സണ്‍ ജോസഫിനെ അതിക്രൂരമായി മര്‍ദിക്കുകയും ‘ജയ് ശ്രീറാം’ വിളിപ്പിക്കുകയും ചെയ്തതായി അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് വെളിപ്പെടുത്തിയിരുന്നു. അക്രമകാരികള്‍ തന്നെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചു. നെറ്റിയില്‍ കുങ്കുമക്കുറി അണിയിച്ചതിന് പുറമെ കാവി ഷാളും ധരിപ്പിച്ചു. സ്‌കൂളിലെ ജീവനക്കാരായ കന്യാസ്ത്രികളെ റോഡില്‍ തടഞ്ഞ് നിര്‍ത്തി സഭാവസ്ത്രം ധരിച്ച് സ്‌കൂളില്‍ വരരുതെന്ന് ഭീഷണിപ്പെടുത്തിയതായും വൈദികന്‍
ചൂണ്ടിക്കാട്ടിയിരുന്നു.
തെലങ്കാനയില്‍ തീവ്രഹിന്ദുത്വവാദികള്‍ സ്‌കൂള്‍ ആക്രമിച്ച സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയ അദ്ദേഹത്തോട് ഫോണിലൂടെയാണ് ഇക്കാര്യം ഉന്നയിച്ചത്. എല്ലാ സുരക്ഷയും നല്‍കുമെന്ന് രേവന്ത് റെഡ്ഡി മറുപടി നല്‍കിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു. വൈദികനെ മര്‍ദ്ദിച്ച സംഭവത്തില്‍ തെലങ്കാന ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here