പിണറായിയുടെ പടം വച്ച പോസ്റ്ററിന് 9 കോടി; ക്വട്ടേഷന്‍ വിളിക്കാതെ കരാര്‍ സിആപ്റ്റിന്; നവകേരള സദസിന്റെ പ്രചരണ ചിലവിന്റെ കണക്കുകള്‍ പുറത്ത്

തിരുവനന്തപുരം : നവകേരള സദസിന്റെ പ്രചരണത്തിന് പോസ്റ്ററടിച്ചത് 9.16 കോടി രൂപയ്ക്ക്. മുഖ്യമന്ത്രിയുടെ ചിത്രം വച്ച് തയാറാക്കിയ പോസ്റ്ററും ക്ഷണക്കത്തും ബ്രോഷറും അച്ചടിച്ചതിനാണ് ഇത്രയും തുക. സിആപ്റ്റിനാണ് അച്ചടി കരാര്‍ നല്‍കിയത്. ക്വട്ടേഷന്‍ ക്ഷണിക്കാതെയാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പിആര്‍ഡി ഡയറക്ടര്‍ സര്‍ക്കാര്‍ അനുമതി നല്‍കാതെയാണ് കരാര്‍ നല്‍കിയത്. ഇതിന് മുഖ്യമന്ത്രി അനുമതി നല്‍കിയതോടെയാണ് പണം അനുവദിക്കാനുള്ള നടപടികള്‍ ധനവകുപ്പ് നടപടി തുടങ്ങിയത്.

കാല്‍ ലക്ഷം പോസ്റ്ററുകളാണ് നവകേരള സദസിന്റെ പ്രചരണത്തിന് അച്ചടിച്ചത്. ഇതിനായി 2.75 കോടിയാണ് ചിലവ്. ക്ഷണക്കത്തിനായി 1.85 കോടിയും ബ്രോഷറിനായി 4.55 കോടിയുമാണ് ചിലവ്. 2540000 പോസ്റ്ററുകളും 9796810 ബ്രോഷറും 10146810 ക്ഷണക്കത്തും അച്ചടിച്ചിട്ടുണ്ട്. നവകേരള സദസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ചുള്ള ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഓരോ ദിവസവും പുറത്തു വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണം അടക്കം പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് കോടികള്‍ അനുവദിച്ചിരിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്താണ് നവകേരള സദസ് നടന്നത്. ഇതിനായി 1.05 കോടി രൂപ മുടക്കി പ്രത്യേക ബസും സജ്ജീകരിച്ചിരുന്നു. ഇതിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നവകേരള സദസിന്റെ തുടര്‍ പരിപാടിയായ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ കര്‍ഷകരുമായുള്ള മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 20 ലക്ഷം കൃഷി വകുപ്പിന്റെ പദ്ധതി ചിലവിനായി വകയിരുത്തിയ തുകയില്‍ നിന്നാണ് അനുവദിച്ചത്. കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ നല്‍കാനുള്ള കോടികളുടെ കുടിശിക നിലനില്‍ക്കുമ്പോഴാണ്ഈ തുക അനുവദിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top