91കാരൻ ഭര്‍ത്താവിന് പരസ്ത്രീ ബന്ധമെന്ന് ഭാര്യക്ക് സംശയം; സഹികെട്ട തേവന്‍ കുഞ്ഞാളിയെ വെട്ടി; പരസ്പരം ഊന്നുവടികളാവാന്‍ ഉപദേശിച്ച് കോടതി

കേരള ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസം വളരെ വളരെ വ്യത്യസ്തമായ ഒരു കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തീര്‍പ്പാക്കി. 91വയസുള്ള തേവന്‍ ഭാര്യ 88കാരി കുഞ്ഞാളിയെ വാക്കത്തിക്ക് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലായിരുന്നു ജാമ്യം തേടി എത്തിയത്. വയസാംകാലത്ത് തേവന് പരസ്ത്രീ ബന്ധമുണ്ടെന്ന കുഞ്ഞാളിയുടെ നിരന്തര പരിഹാസത്തില്‍ സഹികെട്ടാണ് ഈ കടുംകൈ ചെയ്തത്. ഭാര്യയും ഭര്‍ത്താവും ഇനിയെങ്കിലും പരസ്പരം ഊന്നുവടികളായി നില്‍ക്കണമെന്ന ഉപദേശത്തോടെ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ തേവന് ജാമ്യം അനുവദിച്ചു.
എറണാകുളം ജില്ലയിലെ വടവുകോട് ചൂരക്കാട്ടില്‍ തേവനെതിരെ പുത്തന്‍കുരിശ് പോലീസ് വധശ്രമത്തിനാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21ന് വെളുപ്പിന് നാല് മണിക്കാണ് കുഞ്ഞാളി ആക്രമിക്കപ്പെട്ടത്. മുഖത്തും താടിയിലും കഴുത്തിലും വാക്കത്തികൊണ്ടുള്ള വെട്ടില്‍ ഗുരുതരമായി പരിക്കേറ്റു. ‘ഭാര്യയായ കുഞ്ഞാളി ടിയാനെ (തേവനെ) നിരന്തരമായി പരസ്ത്രീ ബന്ധം ആരോപിച്ച് അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത വിരോധത്താല്‍ കുഞ്ഞാളിയെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു’ എന്നാണ് പോലീസിന്റെ എഫ്‌ഐആര്‍.

അറസ്റ്റിലായ തേവനെ കോടതി റിമാന്‍ഡ് ചെയ്തു. 21 ദിവസത്തിലധികമായി തേവന്‍ തൃശൂർ വിയ്യൂർ ജയിലിലായിരുന്നു. ഭാര്യ കുഞ്ഞാളി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതോടെ തേവനും ആശുപത്രിയിലായി. പ്രായാധിക്യം കൊണ്ടുള്ള അവശതകളൊന്നും ഏശാത്ത തേവൻ ഇപ്പോഴും സ്വന്തമായി അധ്വാനിച്ചാണ് ഉപജീവനം കഴിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ടില്ലർ മെഷീനിടയിൽ പെട്ട് ഒരു കൈ പോയതും തേവനെ തളർത്തിയിട്ടില്ല.

ആയുസിന്റെ അവസാനനാളുകളിലൂടെ കടന്നുപോകുന്ന തേവനും കുഞ്ഞാളിയും പരസ്പരം സ്‌നേഹത്തോടെ കഴിയണം. 88കാരിയായ ഭാര്യ കുഞ്ഞാളി ഇപ്പോഴും അളവറ്റ വിധത്തില്‍ സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടാവാം ഭര്‍ത്താവിന്റെ ഓരോ ചലനങ്ങളും ശ്രദ്ധിക്കുന്നത്. പ്രായം കൂടുന്തോറും ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധങ്ങള്‍ക്ക് തീവ്രത ഏറുമെന്ന് എന്‍എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ജാമ്യവിധിയില്‍ പറയുന്നു.
വരിക സഖിയരികത്തു ചേര്‍ന്നു നില്‍ക്കൂ…
പഴയൊരു മന്ത്രം സ്മരിക്കാം..
അന്യോന്യം ഊന്നുവടികളായി നില്‍ക്കാം….
ഹാ സഫലമീ യാത്ര…
ഹാ സഫലമീ യാത്ര … !
എന്നു പറഞ്ഞു കൊണ്ടാണ് തേവന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here