സാങ്കേതിക സര്‍വകലാശാല അഭിഭാഷകന് ഫീസായി 92 ലക്ഷം; വിവാദമായി മന്ത്രിയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല അഭിഭാഷകന്‍ ഫീസിനത്തില്‍ 92 ലക്ഷം രൂപ കൈപ്പറ്റിയതായി ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. നിയമസഭയിൽ അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
2022 ഡിസംബർ വരെയുള്ള മൂന്ന് വർഷം കേസുകൾ നടത്തിയ വകയിൽ എൽവിൻ പീറ്റർ എന്ന അഭിഭാഷകന്‍ 92 ലക്ഷം രൂപയോളം (91,89,156) കൈപ്പറ്റി. ഡിസംബർ 22 വരെ 127 കേസുകൾക്കുള്ള ഫീസായാണ് നിലവിലെ അഭിഭാഷകൻ 92 ലക്ഷം കൈപ്പറ്റിയത്. എന്നാൽ 2015 മുതൽ നാല് വർഷം യൂണിവേഴ്സിറ്റി കോൺസൽ ആയിരുന്ന കൃഷ്ണമൂർത്തി കൈപ്പറ്റിയത് 14ലക്ഷത്തോളം (13,64,702) രൂപയാണ്. 98 കേസുകൾക്ക് ഫീസായാണ് ഈ തുക കൈപ്പറ്റിയത്.
കേരള സർവകലാശാല സ്റ്റാൻഡിങ് കൗൺസലിന് കേസ് ഒന്നിന് 3500 രൂപയും വാദം കേട്ട് മാറ്റിവെയ്ക്കുന്ന കേസിന് 250 രൂപയും നൽകുമ്പോൾ, സാങ്കേതിക സർവകലാശാല യഥാക്രമം ചെലവ് കൂടാതെ 5000 രൂപയും മാറ്റിവെയ്ക്കുന്ന കേസിന് 4000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ അഡ്വക്കേറ്റ് വാദം കൂടാതെ അവധിക്ക് മാറ്റുന്ന കേസുകൾക്ക് 4000 രൂപ നിരക്കിൽ വക്കീൽ ഫീസ് ആവശ്യപ്പെട്ട് ഭീമമായ തുക കൈപ്പറ്റിയതായാണ് രേഖകൾ.
മുൻ അഭിഭാഷകൻ മാറ്റിവെയ്ക്കുന്ന കേസിന് ഫീസ് അവകാശപ്പെട്ടിരുന്നില്ല. ഓരോ കേസിനും അദ്ദേഹം പരമാവധി 12000 രൂപ വീതം കൈപ്പറ്റുമ്പോൾ നിലവിലെ അഭിഭാഷകൻ ഓരോ കേസുകൾക്കും 30000 മുതൽ ഒന്നര ലക്ഷം വരെ തുക കൈപ്പറ്റിയതായാണ് രേഖകള്‍ പറയുന്നത്. സർവകലാശാലയ്ക്ക് ഇത് മൂലമുണ്ടാവുന്ന വമ്പിച്ച സാമ്പത്തിക നഷ്ടം ഭരണവിഭാഗം ഉദ്യോഗസ്ഥർ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും വാദം കൂടാതെ കേസ് മാറ്റുന്ന ദിവസങ്ങളിലും അഭിഭാഷകൻ ആവശ്യപ്പെട്ട ബില്ലിലെ തുക അതേപടി അനുവദിക്കാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here