2000 രൂപ നോട്ടുകളിൽ 93% നിക്ഷേപമായി തിരിച്ചെത്തി, നോട്ടുമാറിയെടുക്കാൻ 30 വരെ സമയം

മുംബൈ: വിതരണം നിറുത്തിവച്ച 2000 രൂപ നോട്ടുകളിൽ 93% നിക്ഷേപമായി ബാങ്കുകളിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ വർഷം മെയ് 19 നാണു 2000 രൂപ നോട്ടുകളുടെ വിതരണം ആർബിഐ അവസാനിപ്പിച്ചത്. ഈ മാസം 30 വരെ 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ മാറിയെടുക്കാൻ സാധിക്കും.
കഴിഞ്ഞ മാസം 31 വരെ 3.32 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളിലേക്ക് തിരിച്ചെത്തിയതെന്ന് ആർബിഐ വ്യക്തമാക്കി. ബാങ്കുകളുടെ കണക്കനുസരിച്ച് വിതരണത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ ഏതാണ്ട് 87% നോട്ടുകൾ ബാങ്ക് നിക്ഷേപമായി വന്നിട്ടുണ്ട്. അവശേഷിക്കുന്ന 13% ചില്ലറയായി മാറിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
2000 രൂപ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായിട്ടായിരുന്നു വിതരണം നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. 2016 നവംബർ എട്ടിന് മോദിസർക്കാർ 500, 1000 രൂപയുടെ നോട്ടുകൾക്ക് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഉയർന്ന മൂല്യമുള്ള കറൻസിയുടെ വരവ് കള്ളപ്പണക്കാർക്കും കള്ളനോട്ടടിക്കാർക്കും അനുഗ്രഹമായിയെന്നും വിലയിരുത്തലുണ്ട്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി ഘട്ടം ഘട്ടമായി കുറച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here