ഇഡി വലയില്‍പ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും പ്രതിപക്ഷ നേതാക്കള്‍; കേജ്‌രിവാള്‍ പട്ടികയിലെ അവസാനയാള്‍; അഴിമതിക്കാര്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ ആവിയാകും

ഡല്‍ഹി: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ മാത്രം പിടികൂടുന്നു എന്ന ആരോപണം വീണ്ടും ശക്തമാകുന്നു. മോദി അധികാരത്തില്‍ വന്നശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തവരില്‍ 95 ശതമാനം പേരും രാഷ്ടീയ നേതാക്കളാണ്. ഇവരില്‍ 99 ശതമാനവും ബിജെപി വിരുദ്ധ പാര്‍ട്ടികളില്‍ പെട്ടവരുമാണ്. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഏതാണ്ട് നാലിരട്ടി കേസുകളാണ് ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയില്‍പ്പെട്ട ഒരു മുഖ്യമന്ത്രിയെ തന്നെ അറസ്റ്റ് ചെയ്ത് ഇഡി ഞെട്ടിച്ചിരിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇന്നലെ രാത്രിയാണ് ഇഡി അറസ്റ്റ് ചെയ്തത്.

2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം 121 പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ 115 പേരും പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെട്ടവരാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് (2004- 2014) കേവലം 26 രാഷ്ട്രീയ നേതാക്കളെയാണ് ഇഡി പിടികൂടിയത്. ഇവരില്‍ 14 പേര്‍ പ്രതിപക്ഷ പാര്‍ട്ടികളിലുള്ളവരും ബാക്കിയുള്ളവര്‍ ഭരണമുന്നണിയില്‍ ഉള്ളവരുമായിരുന്നു.

രണ്ട് മാസം മുമ്പാണ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. എൻഡിഎ ഭരണത്തിൻ കീഴിൽ ഇഡി പിടികൂടിയവരില്‍ മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം മുതല്‍ കേജ്‌രിവാള്‍വരെയുള്ള നീണ്ട നിരയുണ്ട്.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് 32 പേരാണ് പ്രതിപട്ടികയിലുള്ളത്. കേജ്‌രിവാളിനെ പിടിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കവിതയെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എന്നിവരും മദ്യനയക്കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലിലാണ്.

2014 മുതല്‍ 2022 സെപ്റ്റംബര്‍ വരെ ഇഡി അറസ്റ്റ് ചെയ്ത വിവിധ രാഷ്ടീയ പാര്‍ട്ടിയില്‍പ്പെട്ടവരുടെ പട്ടിക:

കോണ്‍ഗ്രസ് – 24, തൃണമൂല്‍ കോണ്‍ഗ്രസ് – 19, എന്‍സിപി – 11, ശിവസേന – 8, ഡിഎംകെ – 6, ബിജെഡി – 6, ആര്‍ജെഡി – 6, ബിഎസ്പി – 5, എസ്പി – 5, ടിഡിപി – 5, എഎപി – 3, ഐഎന്‍എല്‍ഡി – 3, വൈഎസ്ആര്‍ കോണ്‍ഗ്രസ് – 3, സിപിഎം – 2, എന്‍സി – 2, പിഡിപി – 2, എഐഎഡിഎംകെ – 1, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍
സമിതി – 1, ബിആര്‍എസ് – 1

ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതും ഇപ്പോള്‍ പതിവാണ്. ആസമിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഹിമന്ദ ബിശ്വ ശര്‍മക്കെതിരെ ശ്രദ്ധ ചിട്ടിഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് 2014ല്‍ ഇഡിയും സിബിഐയും അന്വേഷണം നടത്തിയിരുന്നു. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതോടെ ഈ കേസുകള്‍ ഐസ്‌ പെട്ടിയിലായ മട്ടായി.

സമാന അനുഭവമാണ് ബംഗാളിലെ തൃണമൂലിന്റെ തീപ്പൊരി നേതാക്കളായ മുകുള്‍ റോയിയുടെയും സുവേന്ദു അധികാരിയുടെയും കാര്യത്തിലും ഉണ്ടായത്. ഇരുവരും ശ്രദ്ധ ചിട്ടിഫണ്ട് തട്ടിപ്പ് കേസില്‍ ആരോപണ വിധേയരായിരുന്നു. ഇവര്‍ രണ്ടു പേരും 2017ല്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവര്‍ക്കെതിരെയുള്ള കേസുകള്‍ക്ക് എന്ത് സംഭവിച്ചു എന്ന് പിന്നീട് ഒരറിവും ഉണ്ടായില്ല. ആന്ധ്രപ്രദേശിലെ ടിഡിപി നേതാവ് വൈ.എസ്.ചൗധരിയേയും ഇഡി പിടികൂടി സ്വത്ത് കണ്ടുകെട്ടിയിരുന്നു. 2019 ല്‍ ഇയാള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കേസുകള്‍ ആവിയായി.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി പലവട്ടം ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ഒപ്പം തന്നെ പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെയും ഇഡിയും സിബിഐയും ചോദ്യം ചെയ്തിരുന്നു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെഹലോട്ട്, കമല്‍നാഥ്, അഹമ്മദ് പട്ടേല്‍ , ഭുപീന്ദര്‍ സിംഗ് ഹൂഡ തുടങ്ങിയവരുടെ ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ സിബിഐ കേസ് എടുത്തതിന് പിന്നാലെയാണ് ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ബിജെപിയില്‍ ചേരാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായെങ്കിലും ശിവകുമാര്‍ വഴങ്ങിയില്ല.

തൃണമൂല്‍ നേതാവും മമത ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി, ലാലു പ്രസാദിന്റെ കുടുംബവുമൊക്കെ ഇഡിയുടെ നോട്ടപ്പുള്ളികളാണ്.
ഈയടുത്ത കാലത്ത് ഡിഎംകെയുടെ നേതാക്കളായ പൊന്‍മുടി, സെന്തില്‍ ബാലാജി എന്നിവരെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 25000 കോടിയുടെ ആദര്‍ശ് ഹൗസിംഗ് സൊസൈറ്റി അഴിമതിക്കേസില്‍ പ്രതിയാണിദ്ദേഹം. എന്‍സിപി നേതാവും മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും സഹസ്രകോടികളുടെ അഴിമതിക്കേസുകളില്‍ പ്രതിയായിരുന്നു. ബിജെപി ഇയാള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം എന്‍സിപി പിളര്‍ത്തി ബിജെപി സഖ്യത്തില്‍ ചേര്‍ന്നതോടെ ഇഡി കേസുകള്‍ ഫ്രീസറിലായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top