പ്രായമായവരെ ബൂത്തിലേക്ക് എടുത്തുകൊണ്ട് പോകണ്ട; ‘വോട്ട് ഫ്രം ഹോം’ സൗകര്യം പരിചയപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഡല്‍ഹി: പോളിങ് ബൂത്തുകളിലെ പതിവ് കാഴ്ചയായ പ്രായമായവരെ എടുത്തുകൊണ്ടുപോയി വോട്ട് ചെയ്യിക്കുന്നത് ഇനി വേണ്ടിവരില്ല. 85 വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ ‘വോട്ട് ഫ്രം ഹോം’ സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം. ഇത്തരം സൗകര്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നെങ്കിലും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇതാദ്യമാണ്. 100 വയസ് പിന്നിട്ട 2.8 ലക്ഷം പേരാണ് ഇത്തവണ വോട്ട് ചെയ്യാന്‍ ഉള്ളത്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഏഴ് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ 96.8 കോടി ജനങ്ങളാണ് വിധിയെഴുതുക. 49.7 കോടി പുരുഷ വോട്ടര്‍മാരും 47.1 കോടി സ്ത്രീകളുമാണ് വോട്ടര്‍ പട്ടികയിലുള്ളത്. 48,000 ട്രാൻസ്ജെൻഡ‍ര്‍മാരുമുണ്ട്. 19.74 കോടി യുവവോട്ടര്‍മാരാണുള്ളത്. ഇത്തവണ 1.8 കോടിയാണ് കന്നി വോട്ടര്‍മാര്‍. ഇതില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. ഏപ്രില്‍ ഒന്നിന് 18 വയസ് തികയുന്നവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

10.5 ലക്ഷം പോളിങ് ബൂത്തുകളാണ് ഒരുക്കുക. 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും ജീവനക്കാരുമാകും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നിയോഗിക്കപ്പെടുക. 55 ലക്ഷം വോട്ടിങ് യന്ത്രങ്ങളും 4 ലക്ഷം വാഹനങ്ങളും സജ്ജമാക്കും. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

എല്ലാ പോളിങ് സ്റ്റേഷനുകളിലും വീല്‍ചെയര്‍ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകും. വോട്ടുകള്‍ അട്ടിമറിക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം എല്ലാ ജില്ലകളിലും ഉണ്ടാകും.

Also read: കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്; നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top