ഇ.ഡിക്ക് മുന്നിൽ ഹാജരാകാതെ എ.സി.മൊയ്തീൻ, കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ചോദ്യം ചെയ്യലിന് എത്താത്തത് പാർട്ടി നിർദ്ദേശത്തെ തുടർന്നെന്ന് വിശദീകരണം
ഇരിഞ്ഞാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകാതെ എ.സി.മൊയ്തീൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ലെന്ന പാർട്ടി നിർദേശത്തെ തുടർന്നാണ് നീക്കം.
നേരത്തേ ആഗസ്റ്റ് 31ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയെങ്കിലും ഹാജരാകുന്നതിൽ അസൗകര്യം അറിയിക്കുകയായിരുന്നു. തുടർച്ചയായ ബാങ്ക് അവധികൾ കാരണം ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല അതുകൊണ്ടു സാവകാശം വേണമെന്നായിരുന്നു മൊയ്തീൻ വിശദീകരണം നൽകിയത്. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചത്. അതേസമയം മൊയ്തീനെ രക്ഷപ്പെടുത്താൻ സിപിഎം ശ്രമം നടത്തുന്നതായി പ്രതിപക്ഷം ആരോപിച്ചു.
2021 ജൂലൈയിലാണ് സിപിഎം ഭരണത്തിലുള്ള കരുവന്നൂർ ബാങ്കിലെ തട്ടിപ്പു പുറത്ത് വരുന്നത്. 125 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം 18 പേരാണ് കേസിലെ പ്രതികൾ. കള്ളപ്പണം വെളിപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള പരാതികളാണ് കാലത്ത് സിപിഎം ജില്ല സെക്രട്ടറിയായിരുന്ന മൊയ്തീനെതിരെയുള്ളത്.
2011-12 മുതൽ തട്ടിപ്പ് നടന്നെന്നാണ് പരാതി. വ്യാജരേഖകൾ ചമച്ചും ക്രമരഹിതമായി വായ്പയനുവദിച്ചും വിവിധ തലങ്ങളിലായി തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. സിപിഎം മുൻ പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമായ എം.വി.സുരേഷാണ് പരാതി നൽകിയത്.
ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കോടികളുടെ തട്ടിപ്പ് നടന്ന കേസിൽ എ.സി.മൊയ്തീൻ്റെ വീട്ടിൽ അടക്കം നടത്തിയ റെയ്ഡുകളിൽ 15 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻ്റ് കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും 28 ലക്ഷത്തിൻ്റെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here