പൃഥ്വിരാജിന്റെ ആടുജീവിതത്തിന് A സര്‍ട്ടിഫിക്കറ്റ്; അപ്പീലുമായി ബ്ലസി

തിരുവനന്തപുരം : പൃഥ്വിരാജ് നായകനാകുന്ന ബ്ലസി ചിത്രം ആടുജീവിതത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്. നഗ്നത പ്രദര്‍പ്പിക്കുന്നുവെന്ന കാരണം ചൂണ്ടികാട്ടിയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തിരുവനന്തപുരത്തെ പ്രാദേശിക ബോര്‍ഡാണ് ചിത്രത്തെ എ കാറ്റഗറിയിലാക്കിയത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തില്‍ വിദൂര ദൃശ്യത്തില്‍ അര്‍ദ്ധനഗ്നതാ രംഗമുണ്ടെന്ന് കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രാദേശിക ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സെന്‍ട്രല്‍ ബോര്‍ഡിന് അപ്പീല്‍ നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ബ്ലസി.

ഡിസംബര്‍ 31ന് മുമ്പ് അപ്പീലില്‍ തീരുമാനമായില്ലെങ്കില്‍ ചിത്രത്തിന് ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡിനടക്കം മത്സരിക്കാന്‍ കഴിയില്ല. ഇതും അണിയറ പ്രവര്‍ത്തകരെ അലോസരപ്പെടുത്തുന്നുണ്ട്. ഏപ്രില്‍ 10 നാണ് ചിത്രത്തിന്റെ തീയറ്റര്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. “തികച്ചും സാങ്കേതികമായ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് ബ്ലസി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ബ്ലെസിയുടെ സ്വന്തം നിര്‍മ്മാണ കമ്പനിയായ വിഷ്വല്‍ റൊമാന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ-സംഭാഷണം-സംവിധാനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 2018 ലാണ് ചിത്രീകരണം തുടങ്ങിയത്. കേരളത്തിലും അല്‍ജീരിയയിലും ജോര്‍ദാനിലും അടക്കം നാല് വര്‍ഷമാണ് ചിത്രീകരണം നീണ്ടത്. കോവിഡിന്റെ സമയത്ത് സംഘം ജോര്‍ദാനില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു.

ബെന്യാമിന്‍ എഴുതിയ ആടുജീവിതം നോവലാണ് ഈ സിനിമയ്ക്ക് ആധാരം. സൗദിഅറേബ്യയില്‍ ജോലിക്കായി പോയി വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒറ്റപ്പെട്ടു പോയ നജീബ് എന്ന മനുഷ്യന്റെ യാഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ നോവലാണ് ബ്ലസി സിനിമയാക്കിയത്. പ്രവാസ ജീവിതത്തിന്റെ പരീക്ഷണങ്ങളും പ്രതിസന്ധികളും വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ട നോവലായിരുന്നു ആടുജീവിതം. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപള്ളി താലൂക്കില്‍ ആറാട്ടുപുഴ എന്ന സ്ഥലത്ത് ജനിച്ച നജീബിന്റെ ജീവിതമാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലേക്കാണ് നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടത്.

സിനിമയ്ക്കായി പൃഥ്വിരാജ് തന്റെ ഭാരം 31 കിലോ കുറച്ചിരുന്നു. എ.ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. കെ.എസ്. സുനില്‍ ഛായാഗ്രാഹണം. കലാസംവിധാനം പ്രശാന്ത് മാധവ്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചിത്രത്തില്‍ അമല പോളും ശോഭ മോഹനും ഒപ്പം വിദേശ കലാകാരന്മാരും അഭിനയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top