സിനിമക്ക് സ്വാധീന ശേഷിയുണ്ടോ? ‘കാതൽ’ കണ്ട ഒരമ്മയുടെ അനുഭവം; മകൻ്റെയും
സിനിമക്ക് സമൂഹത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ടോ? ഉണ്ടെന്നും ഇല്ലെന്നുമൊക്കെയുള്ള ചർച്ചകൾ എല്ലാക്കാലത്തും സജീവമനാണ്. സിനിമ സമൂഹത്തെ സ്വാധീനിക്കുമെന്ന് പറയുന്നവർ മണ്ടന്മാരാണ് എന്നാണ് കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷൻ ഈയിടെ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെയെല്ലാം തള്ളുന്ന ജീവിതാനുഭവമാണ് തമിഴ്‌നാട് സ്വദേശി ശ്രീ കൃഷ്ണ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയ ജിയോ ബേബി ഒരുക്കിയ ‘കാതല്‍-ദി കോര്‍’ എന്ന ചിത്രത്തെ കുറിച്ചാണ് സ്വവര്‍ഗാനുരാഗിയായ ശ്രീകൃഷ്ണ പറയുന്നത്.
“കാതല്‍ കണ്ടശേഷം എന്റെ അമ്മ എന്നെ വിളിക്കുകയുണ്ടായി. കുറേ നിമിഷങ്ങള്‍ ആശ്വസിപ്പിക്കാനാകാത്ത വിധം കരയുകയായിരുന്നു. എന്നിട്ട് എന്നോട് പറഞ്ഞു ‘മാത്യുവിനോട് ആ അച്ഛൻ ചെയ്ത തെറ്റ് ഞാന്‍ ചെയ്യില്ല.’ അതാണ് പ്രധാനം. ഈ സിനിമ എന്റെ അമ്മയ്ക്ക് മനസിലാക്കി കൊടുത്തു. നന്ദി ജിയോ ബേബി,” എന്നാണ് ശ്രീകൃഷ്ണ എക്‌സില്‍ കുറിച്ചത്.
അദ്ദേഹത്തിന്റെ ഈ വരികൾക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമക്ക് സമൂഹത്തില്‍ സ്വാധീനശക്തിയില്ലെന്ന് പറയുന്ന മണ്ടന്മാർ ഇത് കാണണം എന്ന് പോസ്റ്റ് പങ്കുവച്ചുകൊണ്ട് പലരും കുറിച്ചു.
2023 നവബംര്‍ മാസത്തിലാണ് കാതല്‍ തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗിയായ നായകന്റെ കഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധ നേടിയ ചിത്രം അന്‍പതു ദിവസം തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ചലച്ചിത്രമേളകളിലും അംഗീകരിക്കപ്പെട്ടു. കഴിഞ്ഞദിവസം ആമസോണ്‍ പ്രൈമില്‍ സിനിമ റിലീസ് ചെയ്തതോടെ കൂടുതല്‍ പേരിലേക്ക് ചിത്രം എത്തുകയാണ്. അതിൻ്റെ പ്രതികരണങ്ങളാണ് ഇപ്പോൾ വരുന്നത്.
ഒരിടവേളക്കു ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടിയാണ് ‘കാതല്‍- ദി കോര്‍’. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here