എ ഗ്രൂപ്പ് കത്ത് നൽകി; പുറത്താക്കിയവരെ തിരിച്ചെടുക്കണം, പി.ജെ കുര്യൻ്റെ എതിർപ്പ് അവഗണിച്ച് നീക്കം

ആർ. രാഹുൽ

തിരുവനന്തപുരം: സംഘടനയിൽ നിന്ന് പുറത്താക്കിയ ആറ് നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് എ ഗ്രൂപ്പ് കത്ത് നൽകി.
ഇക്കഴിഞ്ഞ ദിവസം ചേർന്ന രാഷ്ടീയ കാര്യസമിതിയിലും കെപിസിസി നേതൃ യോഗത്തിലും ഗ്രൂപ്പ് നേതാക്കളായ കെ.സി ജോസഫും ബെന്നി ബഹനാനും ആവശ്യപ്പെട്ടു. ഈക്കാര്യം ഉന്നയിച്ച് തൊട്ടുപിന്നാലെ ഔദ്യോഗികമായി ഇരുനേതാക്കളും ചേർന്ന് കത്തും നൽകി.

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, പത്തനംതിട്ട മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, കെപിസിസി മുൻ സെക്രട്ടറി എം.എ ലത്തീഫ് , ഓവർസിസ് കോൺഗ്രസ് നേതാക്കളായ ജോപ്പച്ചൻ തെക്കേടത്ത്, സിദ്ദിഖ് ഹസ്സൻ, പുന്നയ്ക്കൽ മുഹമ്മദാലി എന്നി ആറ് നേതാക്കളെ തിരിച്ചെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ബാബു ജോർജിനേയും സജി ചാക്കോയേയും തിരിച്ചെടുക്കുന്നതിൽ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ രാഷ്ടീയ കാര്യസമിതിയിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും കെ.സി വേണുഗോപാലടക്കമുള്ള നേതാക്കൾ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ എല്ലാവരേയും തിരിച്ചെടുക്കണമെന്ന നിലപാടിൽ ഉറച്ചു നിന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുന്ന എല്ലാവരേയും തിരിച്ചു കൊണ്ടുവരണമെന്ന അഭിപ്രായമാണ് ബഹുഭൂരിപക്ഷം നേതാക്കളും യോഗത്തിൽ പ്രകടിപ്പിച്ചത്.

തിരുവനന്തപുരം ജില്ലയുടെ തീര മേഖലയിൽ വൻ സ്വാധീനമുള്ള എം.എ ലത്തീഫിനെ തിരിച്ചെടുത്തില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പല നേതാക്കളും നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. ഇക്കഴിഞ്ഞ ഏപ്രിൽ 23ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ
ജില്ലാ പുനഃസംഘടനാ സമിതി ചേർന്നപ്പോൾ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് ബാബു ജോർജിനെ സസ്‌പെൻഡ് ചെയ്തിരുന്നത്. ബാബു ജോർജ് കതകിൽ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു.

ഡിസിസി പ്രസിഡന്റ് സിസിടിവി ദൃശ്യം മാധ്യമങ്ങൾക്ക് ചോർത്തി നൽകി. താൻ പരാതിപ്പെട്ടിട്ട് അതും അന്വേഷിച്ചില്ലെന്ന് ബാബു ജോർജ് അക്കാലത്ത് കെപിസിസി ക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. മല്ലപ്പള്ളി സഹകരണ കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പത്തനം തിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. സജി ചാക്കോയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

സമീപകാലത്ത് നിസാര കാരണങ്ങൾ ചുമത്തി കൂടിയാലോചനയോ വിശദീകരണമോ തേടാതെ പാർട്ടി നടപടികൾക്ക് വിധേയരായി പുറത്തു നിൽക്കുന്ന ബാബു ജോർജിനേയും സജി ചാക്കോയേയും തിരികെയെടുക്കണമെന്നും ഇവരെക്കൂടി ഉൾപ്പെടുത്തിവേണം പുനഃസംഘടന നടത്താനെന്നും ആവശ്യപ്പെട്ട് പത്തനംതിട്ട ഡിസിസി യോഗങ്ങളിൽ സംഘർഷമുണ്ടാകുന്നത് പതിവായിരുന്നു.

മുൻ കെപിസിസി സെക്രട്ടറിയും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും തലസ്ഥാന ജില്ലയിൽ എ ഗ്രൂപ്പിന്‍റെ പ്രമുഖനുമായിരുന്ന എം.എ ലത്തീഫിനെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയത്. സസ്പെൻഷനിൽ നിൽക്കുന്ന കാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരസ്യമായി ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന പരാതിയിലാണ് പുറത്താക്കിയത്.

കോൺഗ്രസിന്റെ സമരപരിപാടികൾക്ക്​ തലസ്ഥാനത്ത്​ ചുക്കാൻ പിടിച്ചിരുന്ന ലത്തീഫിനെ ഒരുവർഷം മുമ്പാണ് കെപിസിസി സസ്​പെൻഡ്​ ചെയ്തത്. ആറ് മാസത്തേക്കാണ്​ ആദ്യം സസ്​പെൻഡ്​ ചെയ്തതെങ്കിലും കാരണം കാണിക്കൽ നോട്ടീസിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നുകാട്ടി സസ്പെഷൻ നീട്ടിയിരുന്നു. പിന്നീടത് പുറത്താക്കലിൽ കലാശിച്ചു. പ്രവാസി കോൺഗ്രസ് നേതാക്കളും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പുറത്തായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top