തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവ ദേവാലയം ആക്രമിച്ചു; റോഡിനു വീതി കൂട്ടാന്‍ പള്ളി പൊളിക്കണം; ഹൈദരാബാദ് ജന്‍വാഡയില്‍ നിരോധനാജ്ഞ

ഹൈദരാബാദ്: ജൻവാഡയിൽ മെതഡിസ്റ്റ് പള്ളിക്ക് നേരെ ആക്രമണം, 14 പേർക്ക് പരുക്ക്. റോഡിന് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് തീവ്രഹിന്ദുത്വവാദികള്‍ അക്രമം അഴിച്ചുവിട്ടുവെന്നാണ് കേസ്. ചൊവ്വാഴ്ചയാണ് ഇരുന്നൂറോളം പേരുടെ സംഘം ജയ് ശ്രീരാം വിളികളുമായി പള്ളിയിലേക്ക് അതിക്രമിച്ച് കയറിയത്. പള്ളിയുടെ ചുവരുകളും ജനാലകളും തകര്‍ത്ത് വന്‍ നാശനഷ്ടമുണ്ടാക്കി. 21 പേരെ പോലീസ് അറസ്റ്റുചെയ്തു.

റോഡിന് വീതി കൂട്ടാനായി 50 വർഷം പഴക്കമുള്ള പള്ളി പൊളിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടവർ ഇതിനെ എതിര്‍ത്തതോടെയാണ് ഒരു സംഘം അക്രമം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ. തുടര്‍ന്ന് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ മറ്റ് പള്ളികളിൽ നിന്നുള്ളവർ ജൻവാഡ ക്രോസ്റോഡിൽ പ്രകടനം നടത്തി ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.

“ഇത് ഞെട്ടിക്കുന്ന സംഭവമാണ്, തെലങ്കാനയിലെ ഒരു മെതഡിസ്റ്റ് പള്ളിയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. ഈ ക്രൂരകൃത്യത്തിൽ ഏർപ്പെട്ടവരോട് ഞങ്ങൾ ക്ഷമിക്കുന്നു, അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു” മെതഡിസ്റ്റ് ചർച്ച് ഹൈദരാബാദ് റീജിയണൽ കോൺഫറൻസ് ബിഷപ്പ് എം.എ.ഡാനിയേൽ പറഞ്ഞു. “ഗ്രാമത്തിൽ ഞങ്ങൾ എല്ലാവരും സഹോദരങ്ങളെപ്പോലെയാണ് വളർന്നത്. പെരുന്നാളുകളിലും മറ്റ് ആഘോഷങ്ങളിലും ഒരുപോലെ പങ്കെടുത്തിരുന്നു. എപ്പോഴാണ്, എന്തുകൊണ്ടാണ് പെട്ടെന്നൊരു വെറുപ്പ് രൂപപ്പെട്ടതെന്ന് അറിയില്ല”; പ്രദേശവാസികള്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top