‘ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ മതവിരുദ്ധമാകും?’; വിശ്വാസികള്‍ തനിക്കൊപ്പമെന്ന് ഷംസീർ
തിരുവനന്തപുരം: ഹിന്ദു വിശ്വാസവും ശാസ്ത്രവും സംബന്ധിച്ച തന്റെ വാക്കുകൾ വിശ്വാസികളെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ഒരാളല്ല താനെന്നും സ്പീക്കർ എ എൻ ഷംസീർ. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന പൗരനാണ് താന്‍. ഭരണഘടനയില്‍ ഒരു ഭാഗത്ത് മതവിശ്വാസത്തെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരുഭാഗത്ത് ശാസ്ത്രബോധം വളര്‍ത്തണമെന്നും പറയുന്നുണ്ട്. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും എ എന്‍ ഷംസീർ ചോദിച്ചു.
വിഷയവുമായി ബന്ധപ്പെട്ട എൻഎസ്എസ് പ്രസിഡന്റിന് സുകുമാരന്‍ നായരുടെ പ്രതികരണത്തില്‍ എല്ലാവർക്കും അഭിപ്രായം പറയാനുള്ള ഭരണഘടനാ അവകാശമുണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഏതെങ്കിലും വൈകാരികതയില്‍ അടിമപ്പെട്ട് പ്രതികരിക്കുന്നവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളെന്നും ഷംസീര്‍ പറഞ്ഞു. സംഘപരിവാർ രാജ്യത്ത് വെറുപ്പിന്റെ പ്രചാരണം നടത്തിവരികയാണ്. അതിന്റെ തുടർച്ച കേരളത്തിലും തുടങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ കേരളീയ സമൂഹം തള്ളും. വിശ്വാസി സമൂഹവും തള്ളും. മതവിശ്വാസികൾ തനിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”എന്റെ പല പ്രസംഗങ്ങളുടെയും ചിലഭാഗങ്ങള്‍ മാത്രമെടുത്ത് വിവാദം ആളി കത്തിക്കാനും, രാഷ്ട്രീയമായി മുതലെടുക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. പ്രധാനമായും സംഘപരിവാറാണ് അതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്. എൻഎസ്എസ് അത്തരമൊരു നിലപാടെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. അത്തരം വിദ്വേഷ പ്രചാരണങ്ങളില്‍ ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. ഈ നീക്കത്തില്‍ വിശ്വാസികൾ വീഴരുതെന്നാണ് എന്റെ അഭ്യർത്ഥന.”
സ്പീക്കറായി കെട്ടിയിറക്കിയ ഒരാളല്ല താന്‍. വിദ്യാര്‍ഥി യുവജനപ്രസ്ഥാനത്തിലൂടെ പൊതുരാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ആളാണ്. തന്റെ മതേതര യോഗ്യതകളെ ചോദ്യംചെയ്യാനൊന്നും ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ വ്യക്തമാക്കി. നിയമസഭാ സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷംസീര്‍ വിവാദങ്ങളില്‍ വിശീകരണം നടത്തിയത്.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്നും ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഗസ്റ്റ് 7 മുതൽ 24 വരെ നിയമസഭാ സമ്മേളനം ചേരും. ആദ്യ ദിവസം ഉമ്മന്‍ ചാണ്ടിക്ക് ആദരമര്‍പ്പിച്ച് സഭ പിരിയുമെന്നും അദ്ദേഹം പറഞ്ഞു. 10 നിയമ നിർമ്മാണങ്ങളടങ്ങുന്ന സുപ്രധാനമായ ബില്ലുകള്‍ ഈ സഭാ സമ്മേളനം ചർച്ച ചെയ്യുന്നുണ്ട്. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് ഗൗരവമായി പരിഗണിക്കും. സഭാ ടിവിയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളും കാണിക്കുമെന്നും അതിനുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here