‘സീതാറാം’ എന്ന് പേരുള്ളയാൾക്ക് രാമനോട് വെറുപ്പോ; സിപിഎം ബഹിഷ്ക്കരണത്തിനെതിരെ വിഎച്ച്പി

ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സിപിഎം ബഹിഷ്ക്കരിക്കും. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പാർട്ടിയുടെ നിലപാടെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.
“രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുത്. അതിനാല്‍ പങ്കെടുക്കില്ല. മതപരമായ ചടങ്ങിനെ സർക്കാർ സ്‌പോണ്‍സേര്‍ഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കുന്നു. സർക്കാരുകൾക്ക് മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രീംകോടതി ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഭരണഘടനാ തത്വം ലംഘിക്കപ്പെടുന്നു”- യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പങ്കെടുക്കുന്നത് അവരുടെ തീരുമാനമാണ്. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോ പ്രതിനിധികളോ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, യെച്ചൂരിയുടെ നിലപാടിനെതിരെ വിഎച്ച്പി രംഗത്തുവന്നു. സീതാറാം എന്ന് പേരുള്ള വ്യക്തി അയോധ്യയിൽ പോകുന്നില്ല. സ്വന്തം പേരിനോട് ഇത്രയും വെറുപ്പുള്ളത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസൽ പറഞ്ഞു. രാമനോടാണോ സ്വന്തം പേരിനാടാണോ വെറുപ്പ് എന്ന് വ്യക്തമാക്കണമെന്നും ബൻസൽ പരിഹസിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here