സിപിഎമ്മില്‍ കലാപമോ?; ഇ.ഡിയെ ആർക്കും തടയാനാവില്ലെന്ന് ജി. സുധാകരൻ; തള്ളാനും കൊള്ളാനുമാകാതെ പാര്‍ട്ടി

കൊച്ചി: കരുവന്നൂര്‍ വിഷയത്തില്‍ ഇ.ഡിയുടെ ഇടപെടല്‍ ശരിയെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സഹകരണമന്ത്രിയുമായ ജി.സുധാകരന്‍ രംഗത്ത്. ഇ.ഡി യുടെ ഇടപെടല്‍ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും അത് ഭരണഘടനയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണെന്നുമാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്‍ തുറന്നടിച്ചത്.

“ഇ.ഡിയുമായി സഹകരിച്ച് തെറ്റ് തിരുത്തി പോകണമായിരുന്നു. കരിവന്നൂർ തട്ടിപ്പ് അറിഞ്ഞപ്പോൾ തന്നെ ഇതേക്കുറിച്ച് അന്വേഷിക്കണമായിരുന്നു. എം.കെ. കണ്ണനെപ്പോലുള്ളവർ ഇക്കാര്യം ഇഡിയെ ബോധ്യപ്പെടുത്തണമായിരുന്നു. കരിവന്നൂരിലെ തെറ്റ് തിരുത്തണം. ഏത് കൊലക്കൊമ്പനായാലും വേണ്ടില്ല, തെറ്റ് ചെയ്തവനെ ശിക്ഷിക്കണം”- സുധാകരൻ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

ഇത് വരെ പാർട്ടി പറഞ്ഞു നടന്ന നിലപാടുകളിൽ നിന്ന് വളരെ വ്യത്യസ്തമായ അഭിപ്രായമാണ് സുധാകരൻ പറഞ്ഞത്. പൊതുജീവിതത്തിൽ ഇന്ന് വരെ അഴിമതിക്കറ പുരളാത്ത സുധാകരൻ്റെ വാക്കുകൾക്ക് മറ്റേത് സിപിഎം നേതാവിൻ്റെ വാക്കുകളേക്കാൾ പൊതു മണ്ഡലത്തിൽ വലിയ സ്വീകാര്യത ഉണ്ട്.

ഒരാഴ്ച മുമ്പ് ഇതേ ചാനലിന് അഭിമുഖം നല്‍കിയ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കരുവന്നൂരിലെ ഇ.ഡി നടപടിയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ബാങ്ക് തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുമെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മറ്റ് നേതാക്കളും സ്വീകരിച്ചത്. ഇ.ഡിയുടെ ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന സിപിഎമ്മിന്‍റെ നിലപാടിനെയാണ് ഇരു നേതാക്കളും തളളിപ്പറഞ്ഞത്.

എന്നാല്‍ ഇ.പിക്ക് പുറമേ ജി.സുധാകരന്‍ കൂടി ഇ.ഡി നടപടിയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയതോടെ സിപിഎം ഔദ്യോഗിക നേതൃത്വം പുറത്തു പറയുന്ന ക്യാപ്സ്യൂളുകൾ അണികളും ഏറ്റെടുക്കില്ല എന്നൊരവസ്ഥ ഉണ്ടാകുമെന്നുറപ്പാണ്. കരുവന്നൂർ സഹകരണ ബാങ്ക് കേസ് കൈകാര്യം ചെയ്യുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ നേരത്തെ പറഞ്ഞത്. ഇതും പാർട്ടി സെക്രട്ടറി പറഞ്ഞ നിലപാടിൽ നിന്ന് ഘടക വിരുദ്ധമാണ്.

ഒരു ബാങ്കുമായി ബന്ധപ്പെട്ട് മാത്രം അവസാനിക്കേണ്ടിയിരുന്ന കേസ് ഇപ്പോൾ സഹകരണ മേഖലയ്ക്ക് മൊത്തത്തിൽ കളങ്കമുണ്ടാക്കിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞത്.

“ഒരു സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട കേസ് ശക്തമായ നടപടികൾ സ്വീകരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അത് സഹകരണ മേഖലക്കാകെ കളങ്കമുണ്ടാക്കി എന്നത് വസ്തുതയാണ്. അത് അവിടെ തന്നെ അവസാനിപ്പിക്കേണ്ടതായിരുന്നു,അതിന് കഴിഞ്ഞില്ല എന്നത് ഒരു വീഴ്ച്ച തന്നെയാണെന്ന് കണക്കാക്കിക്കോളു”- അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പെട്ടുലയുന്ന പാർട്ടിയേയും സർക്കാരിനേയും ഒരു പോലെ സമ്മർദ്ദത്തിലാക്കുന്ന നിലപാടാണ് ഇരു നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top