NCPയിലെ ഒരു വിഭാഗം BJP മുന്നണിയിലേക്ക്; സമാന്തര കമ്മിറ്റികളുമായി ചാക്കോ വിരുദ്ധര്‍; രണ്ട് പക്ഷത്തുമില്ലെന്ന് കുട്ടനാട് എംഎല്‍എ

തിരുവനന്തപുരം: ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എന്‍സിപിയിലെ ഒരു വിഭാഗം എന്‍ഡിഎയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു. മഹാരാഷ്ട്ര എൻസിപിയിലുണ്ടായ പിളർപ്പ് കേരള ഘടകത്തിലും പ്രതിഫലിച്ചേക്കും. നവംബർ പകുതിയോടെ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന പി.സി. ചാക്കോ വിരുദ്ധ വിഭാഗം തീരുമാനിച്ചു. ദേശീയ നേതാക്കളെ അടക്കം പങ്കെടുപ്പിക്കാനാണ് യോഗത്തിൽ തീരുമാനമായത്. ഔദ്യോഗിക വിഭാഗം പുറത്താക്കിയ ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് സമാന്തര പ്രവർത്തനം.

ദേശീയ വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽപട്ടേലിൻ്റെ പിന്തുണയും വിമത നീക്കങ്ങൾക്കുണ്ട്. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ എട്ട് മുതൽ 27 വരെ വിമതപക്ഷം ജില്ലാ കൺവെൻഷനുകൾ നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും വർക്കിംഗ് പ്രസിഡൻ്റ് മാരെ നിയമിച്ചാണ് സമാന്തര കമ്മിറ്റികൾ സജീവമാകുന്നത്. ഇതിൻ്റെ ഭാഗമായി ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലെ പ്രസിഡൻ്റ്മാരെ കഴിഞ്ഞ ദിവസം വിമത വിഭാഗം മാറ്റിയിരുന്നു. വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉടൻ പുതിയ പ്രസിഡൻ്റ്മാർ വരും. ബാക്കി ജില്ലകളിൽ മാറ്റം ഇതിനോടകം വന്ന് കഴിഞ്ഞെന്ന് വിമതപക്ഷം നേതാക്കൾ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാന്തര പ്രവർത്തനങ്ങൾക്ക് കുട്ടനാട്‌ എംഎൽഎ തോമസ് കെ തോമസിൻ്റെ പിന്തുണയുണ്ടെന്നാണ് എൻസിപി കേന്ദ്രങ്ങൾ നൽകുന്ന വിവരം. മുഹമ്മദ് കുട്ടി സമാന്തര പ്രവർത്തനം നടത്തുന്നുണ്ടെങ്കിൽ നല്ല കാര്യം, താൻ ഒരുപക്ഷത്തും ഇല്ല എന്ന് തോമസ് കെ തോമസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. താൻ ശരത് പവാറിനൊപ്പമാണെന്നും ഇടത് മുന്നണിയിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, പിസി ചാക്കോയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് തോമസ് കെ തോമസ് നടത്തിയത്. കോൺഗ്രസിൽ നിന്നെത്തിയ ചാക്കോയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അത് അംഗീകരിക്കാൻ പറ്റില്ല. ചാക്കോയുടെ കൂടെ അണികളാരുമില്ലെന്നും ശരത് പവാറിനെയും തോമസ് ചാണ്ടിയെയും സ്നേഹിക്കുന്നവർ തന്നോടൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് (ഒക്ടോബര്‍ 17) നടന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ തന്നെ ക്ഷണിച്ചില്ല. യോഗം നടക്കുന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നും തോമസ് കെ തോമസ് പറഞ്ഞു.

പാർട്ടിയുടെ സംസ്ഥാന ഘടകവുമായി ബന്ധപ്പെട്ട എല്ലാ നിർണായക തീരുമാനങ്ങളും എടുക്കാൻ നാലംഗ കൺസൾട്ടേറ്റീവ് കമ്മിറ്റിയെയാണ് ദേശീയ അധ്യക്ഷൻ ശരത് പവാർ ചുമതലപ്പെടുത്തിയത്. പാർട്ടി പ്രസിഡൻ്റ് പി.സി. ചാക്കോ, മുതിർന്ന നേതാവ് പീതാംബരൻ മാസ്റ്റർ, രണ്ട് എംൽഎമാർ എന്നിവരടങ്ങിയതാണ് കമ്മിറ്റി.എന്നാൽ കമ്മിറ്റി അംഗങ്ങൾ ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ലെന്നും മുതിർന്ന നേതാക്കളെപ്പോലും അവഗണിച്ചുകൊണ്ട് ചാക്കോ എല്ലാ തീരുമാനങ്ങളും സ്വയം എടുക്കുകയാണെന്നും വിമതപക്ഷം നേതാക്കൾ പറഞ്ഞു.

എൻ.എ. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം സമാന്തര കമ്മിറ്റികൾ രൂപീകരിക്കാൻ നീക്കങ്ങൾ നടത്തുന്നതിനിടയിൽ പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ എൻസിപി സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്നിരുന്നു. വിമത നീക്കങ്ങളെ ശക്തമായി ചെറുക്കാനുള്ള തന്ത്രങ്ങളും യോഗത്തിൽ ചർച്ചയായി എന്നാണ് ലഭിക്കുന്ന വിവരം. മുഹമ്മദ് കുട്ടിയെ ആറ് മാസം മുമ്പ് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ്. ഒന്നര വർഷം മുമ്പ് സംഘടനാ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന 14 ജില്ലാ കമ്മിറ്റി അംഗങ്ങളും ഔദ്യോഗിക പക്ഷത്തിനൊപ്പമാണ് എന്ന് കോഴിക്കോട് നിന്നുള്ള ഒരു ചാക്കോ പക്ഷം നേതാവ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എന്‍സിപിയുടെ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഔദ്യോഗിക വിഭാഗത്തിനൊപ്പമാണ്.

അതേ സമയം, യഥാർഥ എൻസിപി ആര് എന്ന തർക്കം ഇത് വരെ ദേശീയ തലത്തിലും പരിഹരിക്കപ്പെട്ടിട്ടില്ല. പാർട്ടിയുടെ കൊടിയും ചിഹ്നവും ആർക്കെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു മാസം കൂടി ശരത് പവാർ – അജിത് പവാർ വിഭാഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ സാവകാശം നൽകിയിരുന്നു. ഇതിനിടയിലാണ് എൻഡിഎയുടെ ഒപ്പമുള്ള അജിത് പവാർ പക്ഷത്തിന് വേണ്ടി പ്രഫുൽ പട്ടേൽ കേരളത്തിൽ നീക്കങ്ങൾ നടത്തുന്നത്. പ്രഫുൽ പട്ടേൽ നൽകിയ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് സമന്തര പ്രവർത്തനങ്ങൾ ശക്തമാക്കാൻ ചാക്കോ വിരുദ്ധ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top