അദാനിക്ക് പണി കിട്ടിത്തുടങ്ങി; നെയ്റോബി കരാർ റദ്ദാക്കി
അമേരിക്കയിൽ കൈക്കൂലി കേസ് നിലവിൽ വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന് തിരിച്ചടി. കമ്പനിയുമായി ചേർന്ന് നടത്താൻ തീരുമാനിച്ചിരുന്ന രണ്ട് പ്രധാന പദ്ധതികൾ കെനിയ റദ്ദാക്കി. കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂയോർക്ക് കോടതിക്ക് എഫ്ബിഐ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ അദാനിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി.
നെയ്റോബി വിമാനത്താവളത്തിൻ്റെ നടത്തിപ്പും മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുമുള്ളതുമായ രണ്ട് പദ്ധതികളുടെ കരാറുകളാണ് റദ്ദാക്കിയത്. കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാറാണ് അദാനി ഗ്രൂപ്പിന് ഒടുവില്‍ ലഭിച്ചിരുന്നത്. പദ്ധതിയുടെ ചിലവ്, നിർമാണം, പ്രവർത്തന നിയന്ത്രണം എന്നിവയിൽ അദാനി എനർജി സൊല്യൂഷൻസും കെനിയ സർക്കാരും തമ്മിൽ ധാരണയായിരുന്നു.
Also Read: അംബാനിയെ വെട്ടി അദാനി; ചൈനയെ വെട്ടി ഇന്ത്യ; അതിസമ്പന്നരില്‍ റെക്കോർഡ്
കെനിയയിലെ വൈദ്യുതി ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്ന് കരുതിയ പദ്ധതിയായിരുന്നു ഇത്. 30 വർഷത്തേക്കായിരുന്നു കരാർ കാലാവധി. നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ നിർമ്മാണവും നിയന്ത്രണവും അദാനി ഗ്രൂപ്പിന് നൽകാനുള്ള ധാരണ പത്രത്തിലും ഒപ്പുവച്ചിരുന്നു. 30 വർഷത്തേക്കായിരുന്നു ഈ കരാറും ഒപ്പിട്ടിരുന്നത്. ഇവ രണ്ടുമാണ് വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഒഴിവാക്കിയത്.
Also Read: അദാനിയുടെ ചൈനീസ് ബന്ധം രാജ്യത്തിന് ഭീഷണി; ‘മോദാനി നിക്ഷേപം’ എന്ന് പരിഹസിച്ച് കോൺഗ്രസ്
ഊര്‍ജ പദ്ധതി കരാറുകള്‍ ലഭിക്കാന്‍ കോടികള്‍ കൈക്കൂലി നല്‍കിയതിനാണ് അദാനിക്കെതിരെ അമേരിക്കയിൽ കേസ് നിലവിലുള്ളത്. ന്യൂയോർക്കിലെ യുഎസ് അറ്റോർണി ഓഫീസാണ് അദാനിക്കെതിരായി കുറ്റപത്രം സമർപ്പിച്ചത്. ഗൗതം അദാനിയും ബന്ധു സാഗർ അദാനിയും ഉൾപ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികൾ.
അഴിമതി, വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. സൗരോർജ്ജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ യുഎസ് ഡോളർ (ഏകദേശം 2,100 കോടി രൂപ ) കൈക്കൂലി നൽകിയെന്നാണ് ആരോപണം. അതേസമയം ആരോപണം അദാനി ഗ്രൂപ്പ് ഇന്ന് തള്ളി. അടിസ്ഥാന രഹിതമെന്നാണ് കമ്പനിയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here