നിർണായക വിവരങ്ങൾ പുറത്ത്; മെറ്റൽ ഡിക്ടറ്ററിനും കണ്ടെത്താൻ കഴിയാത്ത സ്മോക് സ്പ്രേ; അക്രമികൾ എത്തിയത് ബിജെപി അംഗത്തിൻ്റെ പാസിൽ

ന്യൂഡൽഹി: പാർലമെൻ്റ് ആക്രമണത്തിൻ്റെ ഇരുപത്തിരണ്ടാം വാർഷികത്തിൽ ലോക്‌സഭയിലുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കർശനമായ നിരവധി പരിശോധനകൾക്ക് ശേഷമാണ് സന്ദർശകരെ ലോക്സഭയിലേക്ക് കടത്തി വിടുന്നത്. മെറ്റൽ ഡിറ്റക്ടറിന് പോലും കണ്ടെത്താൻ കഴിയാത്ത തരത്തിൽ സ്മോക് സ്പ്രേ പ്രതികൾ എങ്ങനെ അകത്തേക്ക് കടത്തി എന്നതിലാണ് ഏറ്റവും വലിയ ദുരൂഹത. പ്രതികൾ ഗ്യാസ് ക്യാനുകൾ ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്തിയതായാണ് വിവരം.

മൈസൂർ-കുടക് ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ഉപയോഗിച്ചാണ് രണ്ട് പേർ അകത്ത് കടന്നതെന്നാണ് ലഭിക്കുന്ന വിവരം. സാഗർ ശർമ്മ എന്നയാളുടെ പേരിലാണ് പാസ് നൽകിയിരിക്കുന്നത് എന്നാണ് സൂചന. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതിപക്ഷ എംപിമാരാണ് അകത്ത് കടന്നവരുടെ പാസിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

ഏകാധിപത്യം തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചു പറഞ്ഞുകൊണ്ടാണ് ലോക്സഭയ്ക്കുള്ളിൽ അതിക്രമം നടത്തിയത്. മഞ്ഞ നിറമുള്ള പുക വരുന്ന സ്മോക് സ്പ്രേയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ സമയം സഭയിൽ ഉണ്ടായിരുന്നില്ല. ‘താനാ ഷാഹി നഹി ചലേഗി’ എന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.

പാർലമെന്റിന്റെ അകത്തും പുറത്തുമായി കളർ സ്പ്രേ ഉപയോഗിച്ച സംഭവത്തിൽ ഒരു യുവതിയടക്കം നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്ന് ഉച്ചക്ക് 1.02ന് ശൂന്യവേളയിലാണ് വൻസുരക്ഷാ വീഴ്ചയുണ്ടായത്. സന്ദർശക ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്തുചാടുകയായിരുന്നു. ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായും ലോക്സഭയിലുള്ള എംപിമാർ പറഞ്ഞു. ഭാരത് മാതാ കീ ജയ്, ജയ് ഭീം മുദ്രാവാക്യം വിളിച്ചാണ് പാർലമെന്റ് മന്ദിരത്തിന് പുറത്ത് നിന്ന് പിടിയിലായവർ പ്രതിഷേധിച്ചതെന്നാണ് റിപ്പോർട്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top