സിപിഎം വിലക്ക്: വിഎസിൻ്റെ പിറന്നാളാഘോഷത്തിൽ നിന്നും ഒഴിവാക്കിയതിൽ പ്രയാസമുണ്ടെന്ന് എ. സുരേഷ്

പാലക്കാട്‌: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷത്തിൽ നിന്നും മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരഷിന് സിപിഐഎമ്മിന്റെ വിലക്ക്. പാലക്കാട് മുണ്ടൂരിൽ വിഎസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘നൂറിന്റെ നിറവിൽ വിഎസ്’ പരിപാടിയിലാണ് സുരേഷിനെ ഒഴിവാക്കിയിരിക്കുന്നത്. വി എസിൻ്റെ പിറന്നാൾ ദിനമായ ഒക്ടോബർ 20 ന് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ആദ്യം തന്നെ ക്ഷണിച്ചെന്നും, പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്നും സുരേഷ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. എന്താണ് കാരണമെന്നറില്ല. ഏതെങ്കിലും ലോക്കൽ നേതാവിൻ്റെ വിവരക്കേടായിരിക്കും തന്നെ ഒഴിവാക്കിയതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി വിരുദ്ധൻ എന്ന കാരണം കൊണ്ടാണോ ഒഴിവാക്കിയത് എന്നതിനെപ്പറ്റി അറിയില്ല. ഇനി അങ്ങനെയാക്കാൻ ആരെങ്കിലും ശ്രമിച്ചാലും നടക്കാന്‍ പോകുന്നില്ലെന്നും സുരേഷ് വ്യക്തമാക്കി. പാര്‍ട്ടിയെ സ്നേഹിക്കാനും വിശ്വസിക്കാനും ഒരു പ്രാദേശിക നേതാവിന്റെയും ഔദാര്യം തനിക്ക് വേണ്ടെന്നും അദ്ദേഹം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് ഒരു കാരണവുമില്ലാതെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് താൻ. പുറത്താക്കിയിട്ടും പാർട്ടി വിരുദ്ധനായിട്ടില്ല. പാർട്ടിക്കെതിരെയുള്ള ഒരു പ്രവർത്തനവും താൻ ഇതുവരെ ചെയ്തിട്ടില്ല. തൻ്റെ പരിപാടിയിലേക്ക് ക്ഷണിച്ച ശേഷമാണ് ഒഴിവാക്കിയതെന്നും സുരേഷ് വ്യക്തമാക്കി.

“പത്ത് ദിവസം മുൻപാണ് സംഘാടകർ എന്നെ ക്ഷണിച്ചത്. ഞാൻ പങ്കെടുക്കുമെന്ന് അറിയിച്ചതാണ്. അതിന് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് സഖാവിനെ പങ്കെടുപ്പിക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ട് എന്ന് സംഘാടകർ അറിയിച്ചത്. ഒഴിവാക്കിയതിൽ തനിക്ക് വ്യക്തിപരമായ പ്രയാസമുണ്ട്..”- സുരേഷ് പറഞ്ഞു.

വളരെക്കാലം വിഎസിന്റെ സഹായിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു സുരേഷിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. അദ്ദേഹത്തിൻ്റെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്തും തയാറാക്കിയിരുന്നു. സി പിഎമ്മുകാരും പാർട്ടി അനുഭാവികളുമായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് അതിഥികളെല്ലാം സിപിഎമ്മുകാരാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top