നവകേരള സദസ് പണിയായി; എ.വി. ഗോപിനാഥിന് സസ്പെൻഷൻ

തിരുവനന്തപുരം: പാലക്കാട് ഡിസിസി മുൻ പ്രസിഡൻ്റ് എ.വി.ഗോപിനാഥിന് സസ്പെൻഷൻ. നവകേരള സദസിൽ പങ്കെടുത്തതിനാണ് നടപടി. പാർട്ടി നിർദേശം മറികടന്ന് നവകേരള സദസിൻ്റെ പാലക്കാട് ജില്ലയിലെ പര്യടനത്തിനിടയില്‍ പ്രഭാത ഭക്ഷണ യോഗത്തിലാണ് ഗോപിനാഥ് പങ്കെടുത്തത്.
കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും നവകേരള സദസുമായി സഹകരിക്കരുതെന്ന് കെപിസിസി കർശന നിർദേശം നൽകിയിരുന്നു. പങ്കെടുക്കുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസിയുടെ മുന്നറിയിപ്പുമുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനൊപ്പമായിരുന്നു ജില്ലയിലെ മുതിര്‍ന്ന നേതാവായ ഗോപിനാഥ് പരിപാടിക്കെത്തിയത് .
നേരത്തെ കെപിസിസി നിര്‍ദേശം മറികടന്ന് കോൺഗ്രസ് ഭരിക്കുന്ന പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എ.വി. ഗോപിനാഥിന്റെ നേതൃത്വത്തിൽ നവകേരള സദസിന് പണം കൈമാറിയിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും സദസിൽ പങ്കെടുക്കരുതെന്ന് ഗോപിനാഥിനോട് നിർദേശിച്ചെങ്കിലും ലംഘിക്കുകയായിരുന്നു. താന്‍ ഉറച്ച കോണ്‍ഗ്രസ്സുകാരനാണെന്നും കോണ്‍ഗ്രസ്സില്‍ തുടരാന്‍ ആഗ്രഹിക്കുന്നയാളാണെന്നുമായിരുന്നു പരിപാടിയിൽ പങ്കെടുത്ത ശേഷം ഗോപിനാഥിൻ്റെ പ്രതികരണം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിയുമായി അകന്ന് നിൽക്കുകയായിരുന്നു ഗോപിനാഥ്. പലതവണ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമിച്ചെങ്കിലും വഴങ്ങാൻ ഗോപിനാഥ് തയ്യാറായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഗോപിനാഥ് സിപിഎമ്മില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് നടപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here