എല്‍പിജി മസ്റ്ററിങിന് സമയപരിധി നിശ്ചയിച്ചിട്ടില്ല; വി.ഡി.സതീശന് കേന്ദ്രമന്ത്രിയുടെ മറുപടി
എല്‍പിജി ഉപഭോക്താക്കള്‍ക്കുള്ള മസ്റ്ററിങിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. മസ്റ്ററിങ് പ്രശ്നത്തില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അയച്ച കത്തിന് മറുപടിയായാണ് ഈ കാര്യം മന്ത്രി വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ എക്സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
“ആധാറുമായി പാചകവാതകത്തെ ബന്ധിപ്പിക്കുന്നതിന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അവസാന തീയതി നിശ്ചയിച്ചിട്ടില്ല. വിതരണക്കാരുടെ ഓഫീസില്‍ പോയി മസ്റ്ററിങ് നടത്താം. എല്‍പിജി വീട്ടില്‍ എത്തിക്കുന്ന ആളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മസ്റ്ററിങ് നടത്തും. ഉപഭോക്താക്കള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇത് ചെയ്യാം. എല്‍പിജി കമ്പനികളുടെ ആപ്പിലും ഇതിന് സൗകര്യമുണ്ട്.” – മന്ത്രി വ്യക്തമാക്കി.
ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുള്ള ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡുതലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടത്. മസ്റ്ററിംഗ് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് അധികൃതരുടെ അറിയിപ്പ് വന്നെങ്കിലും ജനങ്ങളില്‍ പരിഭ്രാന്തി തുടരുകയാണ്. ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്‍പില്‍ വലിയ ക്യൂ പ്രത്യക്ഷപ്പെടുന്നുണ്ട്. വയോധികരെയും മസ്റ്ററിങ് പ്രശ്നം കുഴപ്പത്തിലാക്കിയിട്ടുണ്ട്. വിതരണക്കാരുടെ ഓഫീസില്‍ എത്താനും ക്യൂ നില്‍ക്കാനുമൊന്നും പലര്‍ക്കും കഴിയുന്നുമില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here