അഴിമതിക്കെതിരെ ചൂലെടുത്ത് ഇറങ്ങി, അഴിമതി നിഴലിലായി; എന്താകും എഎപിയുടെ ഭാവി?

ഡല്‍ഹി : പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപ്പെറ്റു എന്ന മലയാളത്തിലെ പ്രയോഗം പോലെയാണ് അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടം പ്രഖ്യാപിച്ച് രംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. അഴിമതി ആരോപണങ്ങളുടേയും കള്ളപണം വെളിപ്പിക്കലിന്റേയും ആരോപണ നടുവിലാണ് ആപ്പ്. മദ്യനയ അഴിമതി കേസില്‍ പ്രധാന നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ മാസങ്ങളായി ജയിലിലാണ്. ഇത്കൂടാതെ ഒരു എംപിയും മുന്‍മന്ത്രിയും അഴിമതി കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ ജയിലിലാണ്. മദ്യനയകേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്ന അരവിന്ദ് കെജരിവാള്‍ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം പറഞ്ഞ് ഹാജരായില്ല. ഇത്കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് തുടരുകയുമാണ്. അഴമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന ആം ആദ്മി പാര്‍ട്ടി ഇത്രയും ചുരുക്കനാള്‍ കൊണ്ട് തന്നെ അഴിമതിയുടെ ഇരുളിലേക്ക് വീണു പോയിരിക്കുകയാണ്.

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ആം ആദ്മി പാര്‍ട്ടിയുടെ പിറവി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അഴിമതിയുടെ കരിനിഴലിലാണെന്നും ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങളുണ്ടെന്നും പ്രഖ്യാപിച്ചായിരുന്നു മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ കൂടിയായ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുളള ആപ്പിന്റെ വരവ്. രാജ്യവ്യാപകമായി പ്രതിഫലിച്ചില്ലെങ്കിലും ഡല്‍ഹിയില്‍ അത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. രണ്ടാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് പുറത്തു വന്ന ശതകോടികളുടെ അഴിമതിക്ക് പിന്നാലെ അണ്ണാ ഹസ്സാരയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹസമരമാണ് ആം ആദ്മി പാര്‍ട്ടിയെന്ന ആപ്പിന്റെ ഉദയത്തിന് കാരണമായത്. അണ്ണാ ഹസ്സാരയുടെ സമരത്തിനൊപ്പം നിന്ന അരവിന്ദ് കെജരിവാള്‍ ആ മൂവ്‌മെന്റിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. എല്ലാം തൂത്തെറിയുന്ന ചൂല് തന്നെ പാര്‍ട്ടി ചിഹ്നമായും പ്രഖ്യാപിച്ചു. ഗ്രാമമേഖലകളില്‍ ആപ്പ് ഒരു ഇംപാക്റ്റും ഉണ്ടാക്കിയില്ലെങ്കിലും നഗരമേഖലയില്‍ അതായിരുന്നില്ല സ്ഥിതി. പ്രത്യേകിച്ചും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍.

ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹി പിടിച്ചു

2012 ലാണ് ആപ്പ് രൂപീകരിക്കുന്നത്. തൊട്ടടുത്ത വര്‍ഷം നടന്ന ഡല്‍ഹി നിയമസഭാ സീറ്റില്‍ 28 സീറ്റ് നേടി ആപ്പ് അദ്ഭുതമായി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഡല്‍ഹിയില്‍ ഭരണത്തിലുമെത്തി. അന്നു മുതല്‍ കണ്ട് പരിചയിച്ച സ്ഥാനാര്‍ത്ഥികളെ പോലെയായിരുന്നില്ല ആപ്പിന്റെ സ്ഥാനാര്‍ത്ഥികള്‍. സമൂഹത്തിലെ സാധാരണക്കാരും വിദ്യാസമ്പന്നരുമായവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചു. പ്രചരണ രീതികളിലും പുതുമയുണ്ടായി. തലയില്‍ വെള്ളതൊപ്പിയും കയ്യില്‍ ചൂലുമായി ദില്ലി നഗരത്തിലെ മുക്കും മൂലയിലും ആപ്പ് പ്രചരണത്തിന് എത്തിയപ്പോള്‍ സാധാരണക്കാര്‍ ഒരു ആശ്രയമായി അവരെ കണ്ട് ഒപ്പം അണി ചേര്‍ന്നു. എന്നാല്‍ അഴിമതി വിരുദ്ധത പറഞ്ഞ് പോരാട്ടം നയിച്ച ശേഷം അഴിമതി ആരോപണങ്ങളില്‍ പ്രതിസ്ഥാനത്തു നിന്ന കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെ എതിര്‍ പ്രചരണം ശക്തമായി. അതോടെ 49 ദിവസത്തിനു ശേഷം സര്‍ക്കാര്‍ പിരിച്ചു വിട്ട് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് തീരുമാനം കെജരിവാള്‍ എടുത്തു. ആപ്പിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമായി ഇത് മാറി. 2015ലെ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നിയമസഭയില്‍ നേടി രാഷ്ട്രീയ അതികായനായി കെജരിവാള്‍ മടങ്ങിയെത്തി. 2020ലും 62 സീറ്റ് നേടി ആപ്പ് തന്നെ ഡല്‍ഹി ഭരിച്ചു. സൗജന്യ വൈദ്യുതി,വെള്ളം തുടങ്ങിയ പ്രഖ്യാപനങ്ങളില്‍ ജനം വിശ്വസിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമായി ഈ പ്രകടന മികവ് ഒതുങ്ങി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു പോയി.

പഞ്ചാബ് പിടിച്ചു; മറ്റ് സംസ്ഥാനങ്ങളിലും സ്വാധീനം

ദില്ലിയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആപ്പ് തുടങ്ങി. ഡല്‍ഹിയിലെ തുടര്‍ വിജയങ്ങള്‍ തന്നെയാണ് ഇതിന് ആത്മവിശ്വാസം നല്‍കിയത്. പല സംസ്ഥാനങ്ങളിലെ നിയമസഭകളിലും ആപ്പ് സാന്നിധ്യം ഉറപ്പിച്ചു. 2022 ആപ്പിനെ സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമായ വര്‍ഷമായി. ഡല്‍ഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനത്തു കൂടി ആപ്പ് ഭരണത്തിലെത്തി. പഞ്ചാബിലാണ് മറ്റ് രാഷട്രീയ പാര്‍ട്ടികളെ തൂത്തെറിഞ്ഞ് ആപ്പ് ഭരണത്തിലെത്തിയത്. 117 സീറ്റില്‍ 92 സീറ്റും നേടിയാണ് ആപ്പിന്റെ ഭഗവത്ത് മാന്‍ മുഖ്യമന്ത്രിയായത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് നേടി ആപ്പ് സാന്നിധ്യവും ഉറപ്പിച്ചു.

അഴിമതി വിരുദ്ധര്‍ക്ക് മേല്‍ തന്നെ അഴിമതി ആരോപണം.

അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിലേറിയവര്‍ തന്നെ അഴിമതി കുരുക്കിലാകുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഡല്‍ഹി മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയരുന്നത്. 338 കോടിയുടെ ആരോപണ നിഴലിലാണ് ആപ്പ് ഇപ്പോള്‍. മദ്യകമ്പനികള്‍ക്കായി സംസ്ഥാനത്ത് മദ്യ നയത്തില്‍ മാറ്റം കൊണ്ടുവന്ന് വിതരണക്കാരുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് ആരോപണം. 5 ശതമാനമായിരുന്ന കമ്മീഷന്‍ 12 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. ഇതിലൂടെ 338 കോടിയുടെ ലാഭം കമ്പനികള്‍ക്കുണ്ടായെന്നാണ് ആരോപണം. ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ പ്രേരിതം എന്ന നിലപാട് ആപ്പ് ഔദ്യോഗികമായി തന്നെ സ്വീകരിച്ചിരുന്നു. എന്നാല്‍ ഉപമുഖ്യമന്ത്രിയും പ്രധാന നേതാവുമായ മനീഷ് സിസോദിയയുടെ അറസ്‌റ്റോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി.

മദ്യകമ്പനികളുടെ അമിതമായ ലാഭം എന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെ നിയമപോരാട്ടങ്ങളില്‍ തിരിച്ചടിയാണ് ആപ്പിനുണ്ടായി കൊണ്ടിരിക്കുന്നത്. മാസങ്ങളായി ജയിലില്‍ കഴിയുന്ന സിസോദിയയുടെ ജാമ്യത്തിനായി കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ നിരവധി തവണ സമീപിച്ചെങ്കിലും ജാമ്യം മാത്രം ലഭിച്ചില്ല. ഇത്കൂടാതെ രാജ്യസഭാംഗം സഞ്ജയ് സിങ്ങ് ഈ കേസില്‍ ജയിലിലാണ്. കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രി സത്യേന്ദ്ര ജയിനും മാസങ്ങളായി തീഹാര്‍ ജയിലിലാണ്. മദ്യനയ അഴിമതി കേസിലെ ഇഡിയുടെ തുടര്‍ നീക്കങ്ങളെല്ലാം ആപ്പിന് ഞെട്ടലുണ്ടാക്കുന്നതാണ്. ആപ്പിന്റെ മൊഹാലി എം.എല്‍.എയും കോടീശ്വരനുമായ കുല്‍വന്ത് സിങ്ങിലേക്ക് ഇഡി പരിശോധനകള്‍ എത്തിയിട്ടുണ്ട്. ആപ്പിന്റെ സാമ്പത്തിക സ്രോതസുകളെ നിയന്ത്രിക്കുന്നത് കുല്‍വന്ത് സിങ്ങാണെന്നാണ് വിവരം. ഇത്കൂടാതെയാണ് സാക്ഷാല്‍ അരവിന്ദ് കെജരിവാളിനെ തന്നെ ചോദ്യം ചെയ്യാന്‍ ഇഡിയുടെ നോട്ടീസ്. ഇന്ന് ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും ഹാജരാകാന്‍ കഴിയില്ലെന്ന് കെജരിവാള്‍ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകളെ തുടര്‍ന്നാണ് ഈ പിന്‍മാറ്റമെന്നാണ് വിവരം. ഡല്‍ഹിക്ക് പുറത്തേക്ക് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനുള്ള ശ്രമമാണ് ഈ അഴിമതികളെന്നും ആപ്പിനെതിരെ ആരോപണമുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ നീക്കമോ?

രാജ്യത്തെ അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ തുടരുന്ന വിമര്‍ശനമാണ്. രാജ്യവ്യാപകമായി തന്നെ പല പ്രതിപക്ഷ കക്ഷികള്‍ക്കു നേരെയും ഇത്തരം നീക്കങ്ങള്‍ നടന്നിട്ടുമുണ്ട്. അതേ നീക്കം തന്നെയാണ് പാര്‍ട്ടിക്കെതിരേയും നടക്കുന്നതെന്നാണ്‌ ആപ്പിന്റെ ആരോപണം. പ്രതിപക്ഷ കക്ഷികളെ ഒപ്പം നിര്‍ത്താനാണ് ഇതിലൂടെ ആപ്പ് ലക്ഷ്യമിടുന്നത്. ഇന്ത്യ മുന്നണിയില്‍ ആം ആദ്മി പാര്‍ട്ടി ആദ്യം ഉറച്ചു നിന്നുവെങ്കിലും ചില പരാമര്‍ശങ്ങളില്‍ ആപ്പ് പിടിവാശി കാണിച്ചുവെന്ന പരാതി പല രാഷ്ട്രീയ കക്ഷികള്‍ക്കുമുണ്ട്. ഇപ്പോള്‍ തീര്‍ത്തും രാഷ്ട്രീയ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ അനാവശ്യമായി ഇത്തരം വിവാദം വേണ്ടെന്നാണ് പ്രതിപക്ഷ മുന്നണിയിലെ നിലവിലെ തീരുമാനം. നിലവില്‍ ആപ്പിന്റെ രാഷ്ട്രീയ ഭാവി മദ്യനയ അഴിമതി കേസില്‍ ആടിക്കളിക്കുകയാണെന്ന് ഉറപ്പിച്ചു പറയാം. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചരണം പറഞ്ഞ് ഇന്നത്തെ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയെങ്കിലും അരവിന്ദ് കെജരിവാളിന് നേരെയുള്ള ഭീഷണി അങ്ങനെ തന്നെ തുടരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top