‘ആടുജീവിതം’ ആദ്യദിനം നേടിയത് 7.75 കോടി; 13 മണിക്കൂറില്‍ വിറ്റത് 63,000 ടിക്കറ്റ്; ബോക്‌സ് ഓഫീസ് തൂഫാനാക്കി പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം കാത്തിരിപ്പുകള്‍ക്കൊടുവില്‍ മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തി. പൃഥ്വിരാജിന്റെ പ്രകടനത്തെക്കുറിച്ചും ചിത്രത്തിന്റെ സാങ്കേതിക മികവിനെപ്പറ്റിയും സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ നിറയുകയാണ്. താരത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഉറപ്പാണെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. ആദ്യദിനം പിന്നിടുമ്പോള്‍ 7.75 കോടിരൂപയാണ് ആടുജീവിതം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം നേടിയത്.
മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്കു പിന്നാലെ ആടുജീവിതം ഈ വര്‍ഷം മലയാളം ഇന്‍ഡസ്ട്രിക്ക് മറ്റൊരു സൂപ്പര്‍ഹിറ്റ് നല്‍കുമെന്ന് ഉറപ്പായി. ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിന്നുമാണ് ആടുജീവിതം 7.75 കോടി രൂപ നേടിയത്. സിനിമയുടെ ആദ്യ ദിനത്തില്‍ 57.79 ശതമാനമായിരുന്നു കേരളത്തിലെ തിയറ്റര്‍ ഒക്യുപന്‍സി നിരക്ക്.
സിനിമ പ്രേമികള്‍ക്കിടയില്‍ ചിത്രം വലിയ ആവേശമാണ് സൃഷ്ടിച്ചിട്ടുള്ളത് പ്രീ-ബുക്കിംഗ് കണക്കുകള്‍ പ്രകാരം 13 മണിക്കൂറിനുള്ളില്‍ 63,000 ടിക്കറ്റുകള്‍ വിറ്റു. കേരളത്തില്‍ മാത്രം 1.3 കോടി രൂപ നേടി. ആടുജീവിതത്തിന് ആഗോളതലത്തില്‍ 9 കോടിയിലധികം രൂപയുടെ പ്രീ-സെയില്‍ ലഭിച്ചതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍സര്‍ഷിപ്പ് ആശങ്കകള്‍ കാരണം യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിട്ടില്ല. യുഎസ്എ, യുകെ, യുഎഇ എന്നിവിടങ്ങളിൽ ഇന്നലെ തന്നെ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here