നജീബ് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഷൂട്ട് ചെയ്തിരുന്നു, സെന്‍സറിങ് സമയത്ത് ഒഴിവാക്കി; ബെന്യാമിന്റെ വെളിപ്പെടുത്തല്‍

ആടുജീവിതം എന്ന നോവല്‍ വായിച്ചതിനു ശേഷം സിനിമ കണ്ടവര്‍ക്കറിയാം നോവലിലെ ടെക്‌സ്റ്റിനെ അതേപടി ക്യാമറയില്‍ പകര്‍ത്തിവയ്ക്കുകയല്ല ബ്ലെസിയും ടീമും ചെയ്തിരിക്കുന്നത് എന്ന്. നോവലിന്റെ കുറച്ചുകൂടി സ്വതന്ത്രമായ ദൃശ്യാവിഷ്‌കാരമാണ് പൃഥ്വിരാജ് അഭിനയിച്ച ചിത്രം. അതുകൊണ്ടു തന്നെ നോവലില്‍ വായിച്ച പലതും സിനിമയില്‍ ഉണ്ടായിരുന്നതുമില്ല. ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടും ഒഴിവാക്കേണ്ടി വന്ന ഒരു രംഗത്തെക്കുറിച്ചാണ് ആടുജീവിതം എന്ന നോവലിന്റെ സ്രഷ്ടാവ് ബെന്യാമിന്‍ പറയുന്നത്.

നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളില്‍ ഒന്നായിരുന്നു കേന്ദ്രകഥാപാത്രമായ നജീബ് ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ആ രംഗം ചിത്രീകരിച്ചിരുന്നുവെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ സിനിമ എത്തിയപ്പോള്‍ കത്രികവെക്കേണ്ടി വന്നതാണെന്നുമാണ് ബെന്യാമിന്റെ വെളിപ്പെടുത്തല്‍. ആ രംഗം ഉണ്ടെങ്കില്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞതിനാലാണ് അതൊഴിവാക്കേണ്ടി വന്നത്. ഒരുപാട് കുടുംബ പ്രേക്ഷകരും കുട്ടികളും തിയറ്ററില്‍ എത്തുമെന്നത് പരിഗണിച്ചുകൂടിയാണ് നോവലിന്റെ ആത്മാവായ ആ രംഗം ഒഴിവാക്കിയതെന്ന് ബെന്യാമിന്‍ പറയുന്നു.

താന്‍ മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം നജീബിന് സ്വന്തം കൈകൊണ്ട് ഛേദിക്കേണ്ടി വന്നതായിരുന്നു മറ്റൊരു പ്രധാന രംഗം. അത് തിരക്കഥയില്‍ ഉണ്ടായിരുന്നെങ്കിലും തന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലന്ന് ബ്ലെസി പറഞ്ഞു. ബ്ലെസിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോള്‍ ശരിയാണെന്ന് തോന്നിയെന്നും അങ്ങനെ അത് ഒഴിവാക്കിയെന്നും ബെന്യാമിന്‍ പറയുന്നു.

സിനിമ കണ്ടവര്‍ ഒരേസ്വരത്തില്‍ ചോദിക്കുന്ന മറ്റൊരു ചോദ്യമാണ് നജീബ് പിന്നീട് തനിക്കൊപ്പം ഉണ്ടായിരുന്ന ഹക്കീമിനെക്കുറിച്ച് അന്വേഷിച്ചതു പോലുമില്ലേ, അതോ ഹക്കീം ബെന്യാമിന്റെ ഭാവനയില്‍ വിടര്‍ന്ന കഥാപാത്രം മാത്രമായിരുന്നോ എന്ന്. ഈ ചോദ്യത്തിനും ബെന്യാമിന്‍ ഉത്തരം നല്‍കുന്നുണ്ട്. ഹക്കീം ഭാവനയായിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നജീബിനൊപ്പം ഹക്കീമും രക്ഷപ്പെട്ട് നാട്ടില്‍ വന്നിരുന്നു. പക്ഷെ നോവലില്‍ എഴുത്തുകാരന്‍ ഹക്കീം മരുഭൂമിയില്‍ വീണ് മരിക്കുന്നതായാണ് കാണിക്കുന്നത്. അതായിരിക്കും നോവലിന് കൂടുതല്‍ നല്ലതെന്നു തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും മരുഭൂമിയില്‍ അകപ്പെട്ട ഒരുപാടു പേരുടെ കഥയാണ് ആടുജീവിതം എന്നുമാണ് ബെന്യാമിന്‍ പറഞ്ഞത്. സിനിമയിലും ഹക്കീം മരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top