‘ആടുജീവിത’ത്തെക്കുറിച്ച് എ.ആര്‍. റഹ്‌മാന്‍; ‘ബ്ലെസിയും ടീമും സിനിമയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു, ചിത്രം മികച്ചത്’

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ എന്ന സിനിമയെ പ്രശംസിച്ച് ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാന്‍. ‘ആടുജീവിതം’ താന്‍ കണ്ടെന്നും സിനിമയിലുള്ള തന്റെ വിശ്വാസത്തെ ബ്ലെസിയും സംഘവും ഊട്ടിയുറപ്പിച്ചെന്നും കൊച്ചിയില്‍ ‘ആടുജീവിതം’ വെബ്‌സൈറ്റ് ലോഞ്ചില്‍ പങ്കെടുത്ത് സംസാരിച്ച റഹ്‌മാന്‍ പറഞ്ഞു.

എ.ആര്‍. റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ബെന്യാമിന്‍, പൃഥ്വിരാജ്, ബ്ലെസി തുടങ്ങി ഈ ചിത്രത്തിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ഓരോരുത്തര്‍ക്കൊപ്പവും ജോലി ചെയ്യാന്‍ സാധിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘ഈ സിനിമക്കുവേണ്ടി അവര്‍ എല്ലാം ഉപേക്ഷിച്ചു. അതുകാണുമ്പോള്‍ സിനിമകളിലുള്ള എന്റെ വിശ്വാസം ഇരട്ടിക്കുന്നു.’ മാര്‍ച്ച് പത്തിന് കൊച്ചിയില്‍ നടക്കുന്ന മ്യൂസിക് ലോഞ്ച് പരിപാടിയില്‍ എ.ആര്‍. റഹ്‌മാനും പങ്കെടുക്കും. 1992ല്‍ പുറത്തിറങ്ങിയ ‘യോദ്ധ’, 2022ല്‍ പുറത്തിറങ്ങിയ ‘മലയന്‍കുഞ്ഞ്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എ.ആര്‍. റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. മാര്‍ച്ച് 28നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top