‘ആടുജീവിത’ത്തിന് മുദ്രനടനത്തിൻ്റെ ഭാഷ്യമൊരുക്കി സിൽവി മാക്സി മേന; ചിത്രത്തിന്റെ തീവ്രത ബധിരവിഭാഗക്കാരിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർ
ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന്റെ പാട്ടുകൾ കേൾവി പരിമിതരിലേക്ക് അതേ തീവ്രതയോടെ എത്തിച്ചിരിക്കുകയാണ് ഡഫ് എജ്യൂക്കേറ്ററും പത്രപ്രവർത്തകയുമായ സിൽവി മാക്സി മേന. ആടുജീവിതത്തിലെ ‘ഇസ്തിഗ് ഫർ…, പെരിയോനേ… റഹ് മാനേ…’ തുടങ്ങിയ ഗാനങ്ങളാണ് ബധിരവിഭാഗക്കാർക്കായി സിൽവി മുദ്രനടനത്തിലൂടെ ചിട്ടപ്പെടുത്തിയത്. ആടുജീവിതത്തിൻ്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലായ വിഷ്വൽ റൊമാൻസിലൂടെയാണ് ഗാനങ്ങളുടെ മുദ്രനടന ഭാഷ്യം പുറത്തുവന്നത്.
കലയും സാഹിത്യവും ബധിരവിഭാഗക്കാർക്കു കൂടി അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ സിൽവി രൂപകല്പന ചെയ്ത് നൃത്തരൂപമാണ് മുദ്രനടനം. 2016 ൽ അരങ്ങിലെത്തിച്ച മുദ്രനടനമാണ് ആടുജീവിതത്തിൻ്റെ പ്രമോഷനായി ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പ്രയോജനപ്പെടുത്തുന്നത്. ഖുർ ആനിലും സത്യവേദപുസ്തകത്തിലും പരാമർശിക്കപ്പെട്ട യോനയുടെ നിലവിളിയാണ് ഇസ്തിഗ് ഫർ എന്ന അറബി ഭാഷയിലുള്ള ഗാനം. “രാജ്യത്ത് ആറുകോടി മുപ്പതുലക്ഷം പേർ ബധിരരാണെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മനുഷ്യജീവിതത്തിൻ്റെ വൈകാരികമായ തീവ്രാനുഭവങ്ങൾ തീക്ഷ്ണമായി വരച്ചുകാട്ടുന്ന ആടുജീവിതത്തിലെ ഗാനങ്ങൾ ഈ വിഭാഗക്കാർക്കിടയിൽ ശ്രദ്ധേയമാക്കുവാനുള്ള ഒരെളിയ ശ്രമമാണിത്”- സിൽവി പറഞ്ഞു.
എ. ആർ റഹ്മാനാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ മലയാള ഗാനങ്ങൾ എഴുതിയത് റഫീഖ് അഹമ്മദാണ്. അറബിനാട്ടിൽ കടുത്ത യാതനകൾ അനുഭവിച്ച് വിസ്മയകരമായ അതിജീവനത്തിലൂടെ നാട്ടിലെത്തിയ നജീബ് എന്ന ആലപ്പുഴക്കാരൻ്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളാണ് ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവൽ. നോവൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്തത് ബ്ലെസിയാണ്. പൃഥ്വിരാജ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെ തീയറ്ററുകളിൽ എത്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here