ആളറിഞ്ഞു കളിക്കെടാ… പ്രഥ്വിരാജിനെ വിമർശിച്ചവരോട് സുപ്രിയ !! എംപുരാൻ തലേന്ന് കുറിപ്പുമായി താരപത്നി

എംപുരാന് വേണ്ടിയെടുത്ത പ്രയത്നങ്ങളെ പ്രകീർത്തിച്ചും പ്രഥ്വിരാജിൻ്റെ ലക്ഷ്യബോധത്തെ അഭിനന്ദിച്ചും ഒപ്പം വിമർശകരെ വെല്ലുവിളിച്ചും സുപ്രിയാ മേനോൻ. സിനിമ റിലീസ് ചെയ്യാൻ 12 മണിക്കൂർ മാത്രം എന്ന് പറഞ്ഞു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ചർച്ചയാകുകയാണ്. എംപുരാൻ ഷൂട്ടിങ്ങിൻ്റെ അവസാനദിവസം എടുത്തതെന്ന് പരാമർശിച്ച് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും ഒപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇല്യൂമിനാറ്റിയല്ല, എന്നാൽ അഹങ്കാരിയും താന്തോന്നിയും തൻ്റേടിയുമാണ് തൻ്റെ ഭർത്താവെന്ന് സുപ്രിയ സ്നേഹപൂർവം കുറിച്ചിട്ടുണ്ട്. “നിന്നെയും നിൻ്റെ വലിയ സ്വപ്നങ്ങളെയും ആളുകൾ എത്രമാത്രം ആക്ഷേപിച്ചിട്ടുണ്ട് എന്നെനിക്ക് അറിയാം. അത്തരം എല്ലാ കുറ്റംപറച്ചിലുകാരോടും എനിക്കൊന്നേ പറയാനുള്ളൂ, ആളറിഞ്ഞു കളിക്കെടാ” – ഇങ്ങനെയാണ് സുപ്രിയ പറഞ്ഞ് അവസാനിപ്പിക്കുന്നത്.
സുപ്രിയയുമായുള്ള വിവാഹത്തിന് മുമ്പും ശേഷവുമെല്ലാം പല കാര്യങ്ങളുടെ പേരിൽ പ്രഥ്വിരാജ് വിവാദത്തിലായിട്ടുണ്ട്. പൊതുസമൂഹത്തിൽ നിന്ന് മാത്രമല്ല, സിനിമക്കുള്ളിൽ നിന്നും വലിയ എതിർപ്പ് നേരിട്ടിട്ടുണ്ട്. ആ ഘട്ടമെല്ലാം പിന്നിട്ട് പ്രഥ്വിരാജ് മലയാളികൾക്കെല്ലാം സർവ്വ സമ്മതനായി മാറുകയാണ് ഇപ്പോൾ. രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രവും റിലീസിന് മുമ്പേ വൻ വിജയത്തിൻ്റെ തിളക്കത്തിൽ എത്തിനിൽക്കെയാണ്, പഴയതൊന്നും മറന്നിട്ടില്ല എന്ന മട്ടിലുള്ള സുപ്രിയയുടെ കുറിപ്പ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here