ആംആദ്മി ഓഫീസ് സർക്കാർ ഭൂമിയിൽ; പാർട്ടി ഡൽഹി ആസ്ഥാനം ഹൈക്കോടതിക്ക് നിശ്ചയിച്ച സ്ഥലത്ത്; ഞെട്ടൽ രേഖപ്പെടുത്തി സുപ്രീം കോടതി

ഡല്‍ഹി: ഹൈക്കോടതി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ വർഷമാണ് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിൻ്റെ മേൽനോട്ടത്തിനായി നിയോഗിക്കപ്പെട്ടിരുന്ന അമിക്കസ് ക്യൂറിയാണ് ഇന്ന് ചീഫ് ജസ്റ്റിസ് ഡി.വൈച.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചത്, ആ സ്ഥലം ഒരു രാഷ്ട്രിയ പാർട്ടി കയ്യേറിയിരിക്കുന്നു എന്നാണ്. പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാതെ, വിഷയം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പരമേശ്വർ, സ്ഥലം തിരിച്ചുപിടിക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്ന് അറിയിച്ചു. ജുഡീഷ്യറിക്ക് വേണ്ടിയുള്ള ഭൂമി ഒരു രാഷ്ട്രീയ പാർട്ടിക്ക് എങ്ങനെ കൈവശപ്പെടുത്താൻ കഴിയുമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് പറഞ്ഞു.

ഞെട്ടലുണ്ടാക്കുന്ന വസ്തുതയെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് ഇതെങ്ങനെ സംഭവിച്ചുവെന്ന് ആരാഞ്ഞു. സർക്കാർ ഭൂമി എങ്ങനെ രാഷ്ട്രിയപാർട്ടിക്ക് കൈവശം വയ്ക്കാൻ കഴിയുന്നുവെന്നും ചോദിച്ചു. എന്നാൽ 2016ൽ ഒരു മന്ത്രിസഭാ തീരുമാനത്തിലൂടെ ഈ ഭൂമി രാഷ്ട്രിയപാർട്ടിക്ക് കൊടുത്തുപോയതാണെന്ന് ഓൺലൈനിൽ ഹാജരായിരുന്ന ഡൽഹി നിയമ സെക്രട്ടറി ഭാരത് പരാശർ കോടതിയെ ബോധിപ്പിച്ചു. മറ്റൊരു ഭൂമി അവർക്ക് അനുവദിച്ചുകൊണ്ട് ഈ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അറിയിച്ചു. എന്നാൽ അവിടെ ഉണ്ടായിരുന്ന ഒരു ബംഗ്ലാവിന് പുറമെ മറ്റ് ചില കെട്ടിടങ്ങൾ കൂടി നിർമിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

ഭൂമി ഡൽഹി ഹൈക്കോടതിക്കായി എന്ന് തിരികെ നൽകാൻ കഴിയുമെന്ന് നാളെ അറിയിക്കണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാസിം ക്വാദ്രിയോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ജഡ്ജിമാർക്ക് ബംഗ്ലാവ് പണിയാനല്ല, പൊതുജനങ്ങൾക്കായി കോടതി പ്രവർത്തിപ്പിക്കാനാണ് സ്ഥലം ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. ഒരു രാഷ്ട്രിയപാർട്ടിക്കും അതിന്മേൽ അവകാശം സ്ഥാപിക്കാൻ കഴിയില്ലെന്നും കൈവശാവകാശം കോടതിക്ക് എപ്പോൾ കിട്ടുമെന്ന് അറിയിക്കാനും കോടതി കർശനമായി നിർദേശിച്ചു.

കോടതി നടപടികളിൽ രാഷ്ട്രീയ പാർട്ടിയുടെ പേര് വ്യക്തമായി പരാമർശിച്ചില്ലെങ്കിലും, ഭൂമി അനുവദിച്ച് കൊടുത്തത് ആം ആദ്മി (എഎപി) പാർട്ടിക്കാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top