എപിപിയുടെ ആത്മഹത്യയില്‍ ഡിഡിപിയെ സസ്പെന്‍ഡ് ചെയ്യണം; ആത്മഹത്യാപ്രേരണക്ക് കേസെടുക്കണം; കോടതി ബഹിഷ്ക്കരിച്ച് അഭിഭാഷകര്‍
കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി അഭിഭാഷകര്‍. അനീഷ്യയുടെ മരണത്തിന് കാരണക്കാരായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കൊല്ലം ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യമുന്നയിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ബാര്‍ അസോസിയേഷന്‍ കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. നടപടി ആവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകര്‍ കോടതികള്‍ ബഹിഷ്ക്കരിച്ചു. കൊല്ലം ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് കോടതി ബഹിഷ്ക്കരണം നടത്തിയത്.
സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും ഭീഷണിയുമാണ് തന്നെ തകര്‍ത്തതെന്ന് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഡിഡിപിക്കും എപിപിക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇതുന്നയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാര്‍ അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. എപിപിയുടെ മരണത്തില്‍ അന്വേഷണം ഇഴയുമ്പോഴാണ് ബാര്‍ അസോസിയേഷന്‍ പ്രത്യക്ഷമായി രംഗത്തെത്തിയത്.
“ഇന്നത്തെ കോടതി ബഹിഷ്ക്കരണം സൂചന മാത്രമാണ്. അനീഷ്യയുടെ മരണത്തില്‍ നടപടികള്‍ വന്നില്ലെങ്കില്‍ ശക്തമായ സമരവുമായി അഭിഭാഷകര്‍ രംഗത്തിറങ്ങും. ആരോപണ വിധേയരെ സസ്പെന്‍ഡ് ചെയ്ത് അന്വേഷിക്കേണ്ടതുണ്ട്”-കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബോറിസ് പോള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
അനീഷ്യയുടെ മരണത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഷീബയാണ് അന്വേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡിഡിപി പദവിയിലുള്ളയാള്‍ അന്വേഷണം നടത്തുന്നതില്‍ ബാര്‍ അസോസിയേഷന് അതൃപ്തിയുണ്ട്. ആരോപണം നേരിടുന്നത് അതേ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനാണ്. അന്വേഷണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോ സമാന പദവിയിലുള്ളവരോ അന്വേഷിക്കണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം. ഈ കാര്യം ഉന്നയിച്ച് ബാര്‍ അസോസിയേഷന്‍ ഡിജിപിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അനീഷ്യയുടെ കുടുംബവും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നും നടപടി വേണമെന്നും അമ്മ പ്രസന്ന ആവശ്യപ്പെട്ടിട്ടുണ്ട്. അനീഷ്യ ജീവനൊടുക്കിയ സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിട്ടുണ്ട്. എപിപിയോട് അവധിയില്‍ പോകാന്‍ നിർദേശിച്ചതും കേസുകള്‍ അട്ടിമറിക്കുന്നതിന്റെ ഭാഗമായാണോയെന്ന് സംശയിക്കണമെന്നും ഇത് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here