ഇന്ത്യ സഖ്യം പൊളിഞ്ഞോ !! ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനെ പുറത്താക്കാൻ ആവശ്യപ്പെടുമെന്ന് എഎപി

ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിൽ പ്രതിസന്ധി. ഏറ്റവും വലിയ പാർട്ടിയായ കോൺഗ്രസിനെ സഖ്യത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് ആം ആദ്മി പാർട്ടി (എഎപി). വ്യാജവാഗ്ദാനങ്ങൾ നൽകി അരവിന്ദ് കേജ്‌രിവാൾ ജനങ്ങളെ കബളിപ്പിച്ചെന്ന് ഡൽഹി കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് നീക്കം. കേജ്‌രിവാൾ ദേശവിരുദ്ധനാണെന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ്റെ പരാമർവും ഡൽഹി ഭരണ പാർട്ടിയെ ചൊടിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനകം മാക്കനെതിരെ നടപടിയെടുക്കണമെന്ന അന്ത്യശ്വാസനവും കോൺഗ്രസിന് എഎപി നൽകി.
“കോൺഗ്രസിൻ്റെ അജയ് മാക്കൻ ബിജെപിയുടെ തിരക്കഥയാണ് വായിക്കുന്നത്… അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസിനെ സഖ്യത്തിൽ നിന്ന് പുറത്താക്കാൻ എഎപി ഘടകകക്ഷികളോട് ആവശ്യപ്പെടും” -എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
സന്ദീപ് ദീക്ഷിത് ഉൾപ്പെടെയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവുകൾ ബിജെപിയാണ് വഹിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി ആരോപിച്ചു. ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താനും ഡൽഹിയിൽ ബിജെപിയെ വിജയിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ ബിജെപിയുമായി പരസ്പര ധാരണയിൽ എത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതേസമയം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസിൻ്റെ ‘തെറ്റ് തിരുത്തേണ്ടതുണ്ടെന്നും അജിത് മാക്കൻ അഭിപ്രായപ്പെട്ടിരുന്നു. പദയാത്രകളിൽ എഎപി നൽകുന്ന വാഗ്ദാനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. നിർദിഷ്ട മഹിളാ സമ്മാൻ യോജനയും സഞ്ജീവനി യോജനയും സർക്കാർ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും പദ്ധതികൾ നിലവിലില്ലെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ രണ്ട് വകുപ്പുകൾ പരസ്യമായി നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ നീക്കം.
ഡൽഹി നിയമ തിരഞ്ഞെടുപ്പിൽ എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇടയിലായിരുന്നു ഭരണകക്ഷിക്കെതിരെ ഡൽഹി കോൺഗ്രസ് നേതാക്കൾ ആക്രമണം ശക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here