തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി ആയുധം; അപകീര്‍ത്തി പ്രചരണത്തില്‍ പരാതി നല്‍കി രണ്ട് ദിവസമായിട്ടും നടപടിയില്ല; വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് ഒരു സമീപനവും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് മറ്റൊരു സമീപനവുമാണ് കമ്മിഷന്‍ സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി സിങ് ആരോപിച്ചു. ബിജെപിയുടെ അപകീര്‍ത്തി പ്രചാരണത്തിനെതിരെ പരാതി നല്‍കി രണ്ട് ദിവസമായിട്ടും നടപടിയെടുത്തിട്ടില്ല. എന്നാല്‍ ബിജെപി പരാതി നല്‍കിയാല്‍ ഉടന്‍ നടപടിയെടുക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയുടെ ആയുധമായി മാറിയെന്നും ഇതില്‍ ആശങ്കയുണ്ടെന്നും അതിഷി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കോഴ വാങ്ങിയെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെയായിരുന്നു പരാതി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിഷി പറഞ്ഞു.

താന്‍ നടത്തിയ വാര്‍ത്താസമ്മേളനം സംബന്ധിച്ച് ബിജെപി പരാതി നല്‍കിയിരുന്നു. ഉടന്‍ കമ്മിഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇമെയില്‍ വഴി നോട്ടീസ് ലഭിക്കുന്നതിനു മുമ്പ് തന്നെ ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത വന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് നോട്ടീസ് ലഭിച്ചത്. ഇതിനര്‍ത്ഥം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന്റെ വാര്‍ത്ത ആദ്യം മാധ്യമങ്ങളില്‍ ബിജെപി പ്രചരിപ്പിക്കുകയും പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കുകയും ചെയ്യുന്നുവെന്നാണെന്നും അതിഷി പറഞ്ഞു. ഡല്‍ഹി പോലീസ് തുടര്‍ച്ചയായി നാല് ദിവസം എഎപി ഓഫീസ് സീല്‍ ചെയ്തിട്ടും കമ്മിഷന്‍ ഇടപെട്ടില്ല. കമ്മിഷന്റെ നിക്ഷപക്ഷതയില്‍ സംശയമുണ്ടെന്നും അതിഷി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top