രാജിവച്ച് ആം ആദ്മി പാര്‍ട്ടി മന്ത്രി; രാജ്കുമാറിന്‍റെ രാജി ഇഡി റെയ്ഡിനു പിന്നാലെ; എഎപി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് ആരോപണം
ഡല്‍ഹി: ഇഡി റെയ്ഡിനു പിന്നാലെ മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച് ആം ആദ്മി പാര്‍ട്ടിയിലെ മന്ത്രി. ഡല്‍ഹിയിലെ സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാർ ആനന്ദാണ് രാജിവച്ചത്. ആം ആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാർ ആനന്ദിന്‍റെ വിമര്‍ശനം. അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായ മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പ്രതികൂല വിധിക്കുപിന്നാലെ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിയാണിത്.
“ആം ആദ്മി പാർട്ടിയിൽ ദളിത് എംഎൽഎയോ കൗൺസിലറോ ഇല്ല. ദളിത് നേതാക്കളെ നേതൃസ്ഥാനങ്ങളിൽ പോലും നിയമിക്കുന്നില്ല. ബാബാ സാഹിബ് അംബേദ്കറുടെ തത്വങ്ങളാണ് ഞാൻ പിന്തുടരുന്നത്. ദളിതർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പാർട്ടിയിലിരുന്നിട്ട് കാര്യമില്ല” രാജിവച്ചശേഷം രാജ് കുമാർ ആനന്ദ് മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.
2023 നവംബറിൽ കസ്റ്റംസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആനന്ദിൻ്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. 7 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റവന്യൂ ഇന്റലിജന്‍സും രാജ്കുമാറിനെതിരേ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇ.ഡി കേസെടുത്ത് ചോദ്യം ചെയ്തിരുന്നു.
അതേസമയം എഎപി നേതാക്കളെ ബിജെപിയിൽ ചേരാൻ സമ്മർദ തന്ത്രങ്ങൾ ഉപയോഗിക്കുന്നുവെന്ന് എഎപി നേതാവ് അതിഷി സിങ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനന്ദിന്‍റെ രാജി. മദ്യനയ അഴിമതിക്കേസില്‍ എഎപി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായതിനു പിന്നാലെ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുന്ന ആദ്യത്തെ മന്ത്രിയാണ് പട്ടേൽ നഗറിൽ നിന്നുള്ള എംഎൽഎയായ ആനന്ദ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here