എഎപി എംഎൽഎയുടെ വസതിയില്‍ ഇഡി റെയ്ഡ്; ഗുലാബ് സിങ്ങിന്റെ വസതിയിലെ റെയ്ഡ് ഇന്ന് പുലര്‍ച്ചെ; ഇന്ത്യയില്‍ ഏകാധിപത്യമെന്ന് എഎപി

ഡൽഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായെങ്കിലും ഇഡി നടപടികള്‍ തുടരുന്നു. എഎപി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിലാണ് ഇഡി റെയ്ഡ് നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു റെയ്ഡെന്ന് എഎപി അറിയിച്ചു. റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമല്ലെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഡൽഹി മട്യാല എംഎൽഎ ആയ സിങ്ങിനാണ് പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റിന്റെ ചുമതല.
റെയ്ഡിനെതിരെ എഎപി രംഗത്തെത്തി. ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. ‘‘മുഴുവൻ പ്രതിപക്ഷത്തെയും ജയിലിലാക്കാനുള്ള തിരക്കിലാണു ബിജെപിയെന്ന് ഇന്ത്യക്കാർക്കു മാത്രമല്ല ലോകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു.”
“റഷ്യയുടെ പാത പിന്തുടരുകയാണു ഇന്ത്യയും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് ഏകാധിപത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ നിരാകരിക്കപ്പെടുകയാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കും. ഞങ്ങളുടെ നാലു നേതാക്കളാണു തെറ്റായ കേസുകളിൽ ഇന്നു ജയിലിൽ കഴിയുന്നത്. ഞങ്ങൾ ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് ഗുജറാത്തിലെ ചുമതലക്കാരനായ ഗുലാബിന്റെ വീട്ടിൽ ഇന്ന് റെയ്ഡ് നടന്നു’’– സൗരഭ് ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here