എഎപി എംപിയെ മര്‍ദിച്ച കേജ്‍രിവാളിന്റെ പിഎസിനെതിരെ കേസ്; ഇന്ന് വനിത കമ്മീഷന് മുന്‍പില്‍ ഹാജരാകണം; സ്വാതിക്ക് മര്‍ദനമേറ്റത് കഴിഞ്ഞ തിങ്കളാഴ്ച
ഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെതിരെ കേസെടുത്തു. ഡല്‍ഹി മുന്‍ വനിതാ കമ്മീഷൻ ചെയർപേഴ്സണും എംപിയുമായ സ്വാതിയുടെ പരാതിയിലാണ് ഡൽഹി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച കേജരിവാളിന്റെ വസതിയിൽ വച്ച് ബിഭവ് മർദിച്ചു എന്നാണ് പരാതി.
സ്വാതിയോട് കേജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് എംപിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം സ്വാതി മാലിവാളിന്റെ ആരോപണത്തില്‍ ബൈഭവ് കുമാറിനെ വനിതാ കമ്മീഷന് മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11ന് ഹാജരാകാനാണ് നിർദ്ദേശം.
തിങ്കളാഴ്ച രാവിലെ കേജ്‍രിവാളിനെ സന്ദർശിക്കാൻ എത്തിയ സ്വാതിയെ ബൈഭവ് കുമാർ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. സംഭവം സ്വാതി തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. എന്നാല്‍ പരാതി നല്‍കാതെ മടങ്ങുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ 72 മണിക്കൂറിനകം വിശദമായ റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് കേന്ദ്ര വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സ്വാതി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here