ട്വന്റി20-ആപ് സഖ്യം വഴിമുട്ടി; ജനക്ഷേമ സഖ്യം കടലാസിൽ പോലുമില്ല

കൊച്ചി: മൂന്നു മുന്നണികളെയും വെല്ലുവിളിച്ചു ജനക്ഷേമ സഖ്യത്തിന്റെ വക്താക്കളെന്ന് മേനിനടിച്ച ആം ആദ് മി പാർട്ടി(ആപ്) കിഴക്കമ്പലത്തെ ട്വന്റി20യുമായി ചേർന്ന് തുടങ്ങിയ സഖ്യം മുന്നോട്ട് പോകുന്നതിൽ അനിശ്ചിതത്വം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സഖ്യ ധാരണ ലംഘിച്ച് കൂടിയാലോചന ഇല്ലാതെ ആപ് സ്ഥാനാർത്ഥിയെ നിർത്തിയത് ട്വന്റി20യെ ചൊടിപ്പിച്ചു. വിജയസാധ്യത തീരെ ഇല്ലാത്ത സ്ഥലത്ത് മത്സരത്തിനിറങ്ങി പേരു കളയരുതെന്നാണ് ട്വന്റി 20 യുടെ നിലപാട്. അത്കൊണ്ടാണ് പുതുപ്പള്ളി സ്ഥാനാർഥി വിഷയത്തിൽ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് ചാണ്ടി ഉമ്മനു പിന്തുണ പ്രഖ്യാപിച്ചത്. നിലവിൽ ഒരു ചർച്ചക്കും സാധ്യതയില്ലാത്ത തരത്തിൽ ഇരുകൂട്ടരും അകന്നു കഴിഞ്ഞു. സംസ്ഥാനത്തെ കേരളത്തിലെ ആപ് നേതൃത്വവുമായി ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നാണ് ട്വന്റി 20യുടെ നിലപാട്.
സംസ്ഥാനത്തെ മൂന്നു മുന്നണികൾക്കും ബദലെന്ന് പ്രഖ്യപിച്ചാണ് കഴിഞ്ഞ വർഷം മെയ് 15ന് ആപും ട്വന്റി20യും ഒരുമിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു.എം.ജേക്കബും പങ്കെടുത്ത യോഗത്തിലായിരുന്നു ഐക്യ പ്രഖ്യാപനം. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളായ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, കിഴക്കമ്പലം എന്നിവിടങ്ങളിൽ ട്വന്റി20 ആണ് ഭരണം നടത്തുന്നത്.
പരമ്പരാഗത പാർട്ടികളുടെ അഴിമതിക്കും ചൂഷണത്തിനുമെതിരെ ഒന്നിച്ചു നിൽക്കുമെന്ന പ്രഖ്യാപനം കേജരിവാളും സാബുവും നടത്തിയെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല. സഖ്യത്തിന്റെ ഭാഗമായി ഒരു പരിപാടിയും സംസ്ഥാന വ്യാപകമായി നടത്തിയതുമില്ല.
ജനക്ഷേമ സഖ്യം നിർജീവമാണെന്ന് ട്വന്റി 20 വക്താവ് ‘മാധ്യമ സിൻഡിക്കറ്റ്’ നോട് പറഞ്ഞു. കൂടിയാലോചനകളോ ചർച്ചകളോ നടക്കുന്നില്ല. ആം ആദ് മി കേരളാ ഘടകത്തിന് തങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. മുന്നോട്ടുള്ള വഴികൾ അടച്ചിട്ടില്ല എന്നാൽ സഖ്യത്തിനായി മുൻകൈ എടുത്ത കേന്ദ്ര നേതൃത്വം ഇടപെടേണ്ടി വരുമെന്നുമാണ് ട്വന്റി20യുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here