ജമ്മുവില്‍ അക്കൗണ്ട് തുറന്ന് എഎപി; ഹരിയാനയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല

ജമ്മു കാശ്മീരില്‍ അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. ദോഡ നിയമസഭാ സീറ്റിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മെഹ്രാജ് മാലിക് വിജയിച്ചത്. ഇന്ത്യ സഖ്യത്തേയും ബിജെപിയേയും പിന്തള്ളിയാണ് മെഹ്‌രാജ് മാലിക്കിന്റെ വിജയം. 2014ല്‍ ബിജെപി വിജയിച്ച സീറ്റാണ് ദോഡ. 4770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ എഎപി മണ്ഡലം പിടിച്ചെടുത്തത്. രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരിഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഈ ഒരു വിജയത്തില്‍ തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് എഎപി.
ഹരിയാനയിലെ ഫലം എഎപിയെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബിലേയും ഡല്‍ഹിയിലേയും ഭരണം പിടച്ചതിന്റെ ആത്മവിശ്വാസവുമായി വമ്പന്‍ പ്രചരണം നടത്തിയിട്ടും ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല.1.53% വോട്ടുകള്‍ മാത്രമാണ് നേടാനായത്. കോണ്‍ഗ്രസുമായി ആദ്യഘട്ടത്തില്‍ സഖ്യ ചര്‍ച്ചകള്‍ നടന്നെങ്കിലും അത് വിജയിച്ചില്ല. ഇതോടെ 90 സീറ്റുകളിലും എഎപി മത്സരത്തിനിറങ്ങി.
കാര്യമായ ഒരു നേട്ടവും അവകാശപ്പെടാനില്ലാതെ ഇത്തവണയും പോരാട്ടം അവസനിപ്പിച്ചിരിക്കുകയാണ് എഎപി. 2019ലെ തിരഞ്ഞെടുപ്പിലും ഇതേ തിരിച്ചടിയാണ് എഎപി നേരിട്ടത്. അന്ന് നോട്ടയേക്കാള്‍ കുറഞ്ഞ വോട്ട് വിഹിതമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. തുടര്‍ച്ചായ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. അരവിന്ദ് കേജ്‌രിവാളിനെ മണ്ണിന്റെ മകനായി അവതരിപ്പിച്ച് കര്‍ഷകര്‍ക്കിടയില്‍ നടത്തിയ പ്രചരണവും ഏറ്റില്ല. ഇനി എന്ത് എന്ന ആലോചനയിലാണ് കേജ്‌രിവാളും നേതാക്കളും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here