ആഷിഖ് അബുവിന്റെ ‘റൈഫിള്‍ ക്ലബ്’; നായകന്‍ ദിലീഷ് പോത്തന്‍, വില്ലന്‍ അനുരാഗ് കശ്യപ്; ഓണത്തിന് തിയറ്ററുകളിലേക്ക്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്. ഹനുമാന്‍കൈന്‍ഡ്, ദി ബേബി ജീന്‍, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍ മുഹമ്മദ്, വിജയരാഘവന്‍, ഉണ്ണിമായ പ്രസാദ്, വാണി വിശ്വനാഥ്, വിന്‍സി അലോഷ്യസ് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് റൈഫിള്‍ ക്ലബില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. അനുരാഗ് കശ്യപ് അഭിനയിക്കുന്ന ആദ്യ മലയാള സിനിമ കൂടിയായിരിക്കും ഇത്.

ഒരു സമ്പൂര്‍ണ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയാണ് റൈഫിള്‍ ക്ലബ് ഒരുങ്ങുന്നത്. പുതുമയുള്ള കഥയും റിയലിസ്റ്റിക് ആയ കഥപറച്ചിലുമായിരിക്കും ചിത്രത്തിന്റെ സവിശേഷത എന്നാണ് അണിയപ്രവര്‍ത്തകര്‍ പറയുന്നത്. സൗബിന്‍ ഷാഹിറും ദിലീഷ് പോത്തനുമായിരിക്കും പ്രധാന വേഷങ്ങളില്‍ എത്തുക എന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്നിരുന്ന വാര്‍ത്ത. എന്നാല്‍ പുതിയ പോസ്റ്ററില്‍ സൗബിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.

സുഹാസ്-ഷര്‍ഫു, ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥ ഒരുക്കുന്നത്. സംവിധായകന്‍ ആഷിഖ് അബു തന്നെയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സൗണ്ട് ട്രാക്കും ഒറിജിനല്‍ സ്‌കോറും ഒരുക്കുന്നത് റെക്സ് വിജയനാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് ഫെയിം അജയന്‍ ചാലിശ്ശേരിയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top