ദിയാധനം കൈമാറി; അബ്ദുൾ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മോചനത്തിനാവശ്യമായ ദിയാധനം 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം തന്നെ റഹീം ജയിൽ മോചിതനാകും.
ദിയാധനം ലഭിച്ചതോടെ പ്രതിക്ക് മാപ്പ് നൽകുന്നതായി സൗദി കുടുംബം കോടതിയെ അറിയിച്ചു. ഓൺലൈൻ ആയി നടന്ന കോടതി നടപടികളിൽ ജയിലിൽനിന്ന് അബ്ദുൾ റഹീമും പങ്കെടുത്തു. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ കോടതി ഒപ്പുവെച്ചത്.
2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയതാണ് അബ്ദുൽ റഹീം. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനെ പരിചരിക്കുമ്പോഴാണ് 15കാരനായി അനസ് അൽശഹ്‌രി കൊല്ലപ്പെട്ടത്. 2006ൽ റിയാദിൽ ജോലിക്കെത്തി ഒരുമാസം തികയുംമുമ്പേയായിരുന്നു സംഭവം.
ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. വാഹനത്തിൽ പോകുന്നതിനിടെ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here