പ്രണബ് മുഖര്‍ജിയുടെ മകന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; കാരണം വിശദീകരിച്ച് അഭിജിത്ത് മുഖര്‍ജി

മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജിക്ക് മനംമാറ്റം. കോണ്‍ഗ്രസിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് അദ്ദേഹം ഹൈക്കമാന്‍ഡിലെ മുതിര്‍ന്ന നേതാക്കളെ സമീപിച്ചു. രണ്ടുതവണ എംപിയായ ശേഷം 2021ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അഭിജിത്ത് അവിടെ അതൃപ്തനായിരുന്നു. കാര്യമായ സ്ഥാനങ്ങളൊന്നും കിട്ടിയതുമില്ല.

ദീര്‍ഘകാലം കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗവുമായിരുന്ന പ്രണബ് മുഖര്‍ജി രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയായി നിയമിക്കപ്പെട്ടത്. പിതാവിന്റെ രാഷ്ടീയം പിന്തുടര്‍ന്ന് അഭിജിത്ത് കോണ്‍ഗ്രസില്‍ സജീവമായിരുന്നു. രണ്ട് തവണ ബംഗാളിലെ ജംഗിപൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുപ്പിട്ടിട്ടുണ്ട്. 2012ല്‍ പ്രണബ് മുഖര്‍ജി ലോകസഭാ അംഗത്വം രാജിവെച്ച് രാഷ്ട്രപതിയായി മത്സരിച്ച ഒഴിവിലാണ് അഭിജിത്ത് മത്സരിച്ച് വിജയിച്ചത്. 2014ലും ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. 2019ല്‍ ഇവിടെ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസില്‍ സജീവമല്ലാതായി. 2021ല്‍ തൃണമൂലില്‍ ചേര്‍ന്നു. എന്നാല്‍ മമ്മത ബാനര്‍ജി അഭിജിത്തിന് കാര്യമായ പദവിയോ സ്ഥാനമോ നല്‍കിയിരുന്നില്ല.

“കോണ്‍ഗ്രസിന്റേതില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സംസ്‌കാരവും പ്രവര്‍ത്തന ശൈലിയുമാണ് തൃണമൂലിന്റെത്. തനിക്ക് അതുമായി പൊരുത്തപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നത്”- അഭിജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത കാലത്ത് ഡല്‍ഹി സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. രാഷ്ടീയത്തില്‍ സജീവമാകാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ദിവസത്തിനകം ഹൈക്കമാന്‍ഡ് നേതാക്കളെ കാണും. എത്രയും പെട്ടെന്ന് കോണ്‍ഗ്രസില്‍ സജീവമാകുമെന്നും അഭിജിത്ത് വ്യക്തമാക്കി. അഭിജിത്തിന്റെ സഹോദരി ശര്‍മ്മിഷ്ഠയും കോണ്‍ഗ്രസില്‍ സജീവമായിരുന്നു. പാര്‍ട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ അവരിപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top