അബിഗേല്‍ തിരിച്ചെത്തുമ്പോള്‍; പ്രാര്‍ത്ഥനകൾ ദൈവം കേട്ടെന്ന് അമ്മയുടെ ആദ്യ പ്രതികരണം
കൊല്ലം: തട്ടിക്കൊണ്ട് പോയി ഇരുപത് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഇന്ന് അബിഗേലിനെ കണ്ടെത്തുന്നത്. കൊല്ലം എസ്എന്‍ കോളജ് കുട്ടികളാണ് അബിഗേലിനെ ആദ്യം കണ്ടത്. ഒരു സ്ത്രീയും ഒപ്പമുണ്ടായിരുന്നുവെന്നാണ് കുട്ടികള്‍ പറഞ്ഞത്.
മുന്നിലിരിക്കുന്ന കുഞ്ഞ് അബിഗേല്‍ സാറാ റെജിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പിങ്ക് പോലീസിനെയും കൊല്ലം ഈസ്റ്റ് പോലീസിനെയും വിവരമറിയിച്ചു. ഉടന്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി. പിടിക്കപ്പെടും എന്നുറപ്പായ നിമിഷങ്ങളിലാണ് തട്ടിക്കൊണ്ട് പോയവര്‍ കുട്ടിയെ ഉപേക്ഷിച്ചത് എന്നാണ് പോലീസ് നിഗമനം.
മകളെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. സംഭവത്തിലെ ഹീറോയായി മാറിയ സഹോദരന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. ആശങ്കയും ദുഃഖവുമെല്ലാം സന്തോഷത്തിലേക്ക് വഴിമാറി. മലയാളികളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. കുട്ടിയെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു-അമ്മ സിജി റജി പ്രതികരിച്ചു. ഇനി എത്രയും വേഗം അബിഗേലുമായി പോലീസ് വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.
തിങ്കളാഴ്ച വൈകിട്ട് ഓയൂരില്‍നിന്നാണ് അബിഗേലിനെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കാത്ത് മലയാളികള്‍ ഇന്നലെ ഉറങ്ങിയില്ല. വളരെ പെട്ടെന്നാണ് അവള്‍ കേരളത്തിന്റെ മകളായി മാറിയത്. പോലീസ് സംസ്ഥാനത്തുടനീളം ജാഗ്രത പുലര്‍ത്തി.മാധ്യമങ്ങളും ഉറക്കമൊഴിഞ്ഞ് അന്വേഷണത്തിന് ഒപ്പം നിന്നു. നാട്ടുകാരും ജാഗ്രതയുള്ള കണ്ണുകളുമായി നിലയുറപ്പിച്ചു. തെക്കന്‍ ജില്ലകള്‍ പൂര്‍ണമായും ഇന്നലെ പോലീസ് വലയത്തിലായിരുന്നു. ഇത് തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയവരുടെ വഴിയടച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here