‘കോട്ടയം കുഞ്ഞച്ചൻ’ വീണ്ടും അറസ്റ്റിൽ, കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന്, രണ്ടാം അറസ്റ്റ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച കേസിൽ ‘കോട്ടയം കുഞ്ഞച്ചൻ’ എന്നറിയപ്പെടുന്ന പാറശ്ശാല സ്വദേശി അബിൻ കോടങ്കരയെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ശ്രീകൃഷ്ണപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. സിപിഎം നേതാക്കളുടെ ഭാര്യമാരെ ആക്ഷേപിച്ചെന്ന പേരിൽ അറസ്റ്റിലായ ഇയാൾക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ പ്രകാരം സൈബർ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് വീണ്ടും അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവും എംപിയുമായ എ.എ. റഹിമിന്റെ ഭാര്യ അമൃത, അന്തരിച്ച സിപിഎം, ഡിവൈഎഫ്ഐ നേതാവ് പി. ബിജുവിന്റെ ഭാര്യ ഹർഷ എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. ഇരുവരും നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തിട്ടും പ്രതിക്ക് ജാമ്യം കിട്ടിയത് സൈബർ പോലീസിന് പറ്റിയ വീഴ്ചയാണെന്നു സിപിഎം ആരോപിച്ചിരുന്നു.
ക്രിമിനൽ നടപടി ചട്ടം അനുസരിച്ചുള്ള 41(എ ) പ്രതിക്ക് നോട്ടീസ് നല്കാത്തതെന്താണ് എന്ന ചോദ്യത്തിന് പ്രോസിക്യൂഷനു വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതിനെ തുടർന്നാണ് കോടതി അബിനു ജാമ്യം നൽകിയത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്തെത്തിയിരുന്നു. അബിന്റെ പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്ത് പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കന്മാർ ഉൾപ്പെടെയുണ്ടെന്നും ഈ സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു.
നെയ്യാറ്റിൻകര ചെങ്കൽ സ്വദേശിയായ അബിൻ കോൺഗ്രസ് കോടങ്കര വാർഡ് പ്രസിഡന്റ്, കെ എസ് യു നെയ്യാറ്റിൻകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here