കോടതിയറിയാതെ 14കാരിക്ക് അബോർഷൻ; കന്യാകുമാരി ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം; വിവരം മറച്ചുവച്ച സ്കാനിങ് കേന്ദ്രവും പ്രതിസ്ഥാനത്ത്

തിരുവനന്തപുരം: ഗർഭിണിയായ 14കാരി കോടതിയുടെ അനുമതിയില്ലാതെ അബോർഷൻ നടത്തി. വീട്ടുകാരും, ആശുപത്രി അധികൃതരും മൂന്ന് മാസത്തിലേറെ വിവരം മറച്ചുവച്ച വിഷയത്തിൽ ഇന്നലെ രാത്രി തിരുവല്ലം പോലീസ് കേസെടുത്ത ശേഷമാണ് ഞെട്ടിക്കുന്ന ഈ വിവരം സ്ഥിരീകരിച്ചത്. കുട്ടിയെ പീഡിപ്പിച്ചതാര്, അബോർഷൻ നടത്തിയതെവിടെ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. ചൊവ്വാഴ്ച മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇടപെടൽ ഉണ്ടായത്.
പീഡിപ്പിച്ചയാളെ സംബന്ധിച്ച് ഏറ്റവുമൊടുവിൽ കിട്ടിയ മൊഴിയിൽ സ്ഥിരീകരണത്തിനാണ് പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്. തുടക്കത്തിൽ പലതും തുറന്നുപറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പെൺകുട്ടി. സ്കാനിങ് റിപ്പോർട്ട് കാണിച്ച് ചോദ്യം ചെയ്തതോടെയാണ് പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അമ്മ സമ്മതിച്ചത്. ഇന്ന് രാവിലെ വൈദ്യപരിശോധനക്ക് വിധേയയാക്കാൻ തീരുമാനിച്ചിരിക്കെ, രാവിലെ കുട്ടിയെയും അമ്മയെയും വീട്ടിൽ നിന്ന് കാണാതായി. ഇതോടെ ആശങ്കയിലായ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ കന്യാകുമാരിയിൽ നിന്ന് ഇവരെ കണ്ടെത്തി. വൈകിട്ടോടെ തിരിച്ചെത്തിച്ച് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചു.
സ്വയം ചില മരുന്നുകൾ കഴിച്ച് അബോർഷൻ നടത്തിയെന്നാണ് കുട്ടിയുടെയും അമ്മയുടെയും മൊഴി. എന്നാൽ കന്യാകുമാരിയിലെ ആശുപത്രിയിലാണ് ഇത് നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടികളുടെ രണ്ടാനച്ഛനായി ഇവർക്കൊപ്പം താമസിച്ചിരുന്നയാൾക്ക് ഇക്കാര്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇയാളുടെ സഹായത്തിലാണ് രാവിലെ കന്യാകുമാരിയിലേക്ക് കടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽ പോകുന്ന വഴിക്ക് ബസിൽ പരിചയപ്പെട്ടയാൾ പിന്നീട് വീട്ടിലെത്തി പീഡിപ്പിച്ചു എന്നായിരുന്നു ഇന്നാദ്യം കുട്ടി മൊഴി നൽകിയത്. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ പുതിയ മൊഴി കിട്ടിയിട്ടുണ്ട്. വൈദ്യപരിശോധന നടത്തുന്നതിനൊപ്പം ഈ മൊഴി ഉറപ്പിക്കാനുള്ള ശ്രമവും തുടരുകയാണ്.
സ്കാനിങ് നടത്തിയ തിരുവനന്തപുരം വഞ്ചിയൂരിലെ ഗോവിന്ദൻസ് ആശുപത്രിയിൽ നിന്ന് പോലീസ് തെളിവ് ശേഖരിക്കാൻ നീക്കം തുടങ്ങി. കുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമായിട്ടും ഇവർ പോലീസിൽ വിവരം അറിയിക്കാതിരുന്നത് കുറ്റകരമാണ്. ഇക്കാര്യത്തിൽ ഡോക്ടർമാർ അടക്കമുള്ളവർ പ്രതിസ്ഥാനത്ത് വന്നേക്കാമെന്ന ഗുരുതര സ്ഥിതിവിശേഷവുമുണ്ട്. സെപ്തംബർ 21നാണ് ഇവിടെ സ്കാനിങ് നടത്തി ഒന്നരമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 17 വയസ് എന്നാണ് സ്കാനിങ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 15 വയസ് എന്നാണ് സ്കൂളിൽ നിന്ന് പോലീസ് മനസിലാക്കിയിട്ടുള്ളത്.
വിവരം അറിയിക്കുന്നതിൽ ആശുപത്രി വീഴ്ച വരുത്തിയതിനാൽ പോലീസും അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ കുട്ടിയുടെ തുടർസംരക്ഷണം അപകടത്തിലാണെന്നും തുടർ പീഡനത്തിനുള്ള സാധ്യത നിലനിൽക്കുകയാണെന്നും ചൊവ്വാഴ്ച മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തതത്. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ വീട്ടുകാർ പലതും മറച്ചുവയ്ക്കുന്നു എന്ന നിഗമനത്തിലാണ് പോലീസ്. അതുകൊണ്ട് തന്നെ അന്വേഷണം ദുഷ്കരമാണ്. അബോർഷൻ നടത്തിക്കഴിഞ്ഞതിനാൽ ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്താനുള്ള സാധ്യത അവശേഷിക്കുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here