അബുദാബി ക്ഷേത്രം വാസ്തുവിദ്യയുടെ അത്ഭുതം; 700 കോടി ചിലവ്; നിര്‍മ്മാണത്തിന് പിങ്ക് മണല്‍ക്കല്ലും ഇറ്റാലിയന്‍ മാര്‍ബിളും; ബിഎപിഎസ് ഹിന്ദു മന്ദിറിനെ അറിയാം
ഡല്‍ഹി: മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് നാളെ അബുദാബിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ബിഎപിഎസ് ഹിന്ദു മന്ദിര്‍. അപൂര്‍വമായ സാംസ്കാരിക സമന്വയത്തിന്റെ കഥയാണ് ഈ ക്ഷേത്രം പറയുന്നത്. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് 2015ൽ ക്ഷേത്രനിര്‍മ്മാണത്തിനുള്ള ഭൂമി അനുവദിച്ചത്. ദുബായ്-അബുദാബി ഹൈവേയുടെ സമീപത്ത്, അൽ റഹ്ബയില്‍ ഏറ്റവും പ്രധാന്യമുള്ളിടത്താണ് സ്ഥലം നല്‍കിയത്. 2019ല്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ വീണ്ടും 14 ഏക്കര്‍ സ്ഥലം കൂടി യുഎഇ ഭരണാധികാരി അനുവദിച്ചു.
മൊത്തം 27 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്‌ത എന്നാണ് ക്ഷേത്രത്തിന്റെ പേര്. വിശ്വസംസ്‌കൃതിയുടെ അടയാളമെന്നാണ് ക്ഷേത്രം വിശേഷിപ്പിക്കപ്പെടുന്നത്. സ്വാമിനാരായണനെ ആരാധിക്കുന്ന ബിഎപിഎസ് ഹിന്ദു വിഭാഗമാണ് ക്ഷേത്രനിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത്.
പരമ്പരാഗത ഭാരതീയ വാസ്തുശില്പ വൈഭവത്തിന്റെ പ്രതീകമായ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെ അവകാശപ്പെടാനുണ്ട്. 700 കോടി രൂപ ചെലവിലാണ് കൈകൊണ്ട് കൊത്തിയ, 108 അടി ഉയരമുള്ള ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് ഇരുമ്പും ഉരുക്കും ഉപയോഗിച്ചിട്ടില്ല. അത്ഭുതങ്ങള്‍ ഒളിപ്പിച്ച, ഗുജറാത്തിലെ അക്ഷര്‍ദാം ക്ഷേത്രവുമായി സാമ്യമുള്ള ക്ഷേത്രമാണിത്. വൈദിക വാസ്തുവിദ്യയിൽ നിന്നും ശിൽപങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡിസൈൻ.
ഏഴ് ഗോപുരങ്ങള്‍ ക്ഷേത്രത്തിനുണ്ട്. യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ചെന്നോണമാണ് ഈ ഗോപുരങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ഏഴ് പ്രതിഷ്ഠകളുമായി ബന്ധപ്പെട്ട കഥകൾ ക്ഷേത്ര ഭിത്തികളിൽ കൊത്തിവച്ചിട്ടുമുണ്ട്. അഞ്ച് താഴികക്കുടങ്ങളുമുണ്ട്. രാജസ്ഥാനത്തിലെ പിങ്ക് മണല്‍ക്കല്ലും ഇറ്റാലിയന്‍ മാർബിളും ഉപയോഗിച്ചാണ് നിർമാണം. സങ്കീർണ്ണമായ കൊത്തുപണികൾ ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും വിവരിക്കുന്നു. കൂടാതെ കുതിരകൾ, ഒട്ടകങ്ങൾ, ഓറിക്സ് തുടങ്ങിയ അറബ് ചിഹ്നങ്ങള്‍, രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളില്‍ നിന്നുള്ള പ്രധാന നിമിഷങ്ങള്‍ എന്നിവ കൊത്തിവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാളെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്.ഹിന്ദു ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 2015 ഓഗസ്റ്റില്‍ മോദി യുഎഇ സന്ദര്‍ശിച്ചപ്പോഴാണ് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി സമ്മാനിച്ചത്. 2017ൽ മോദിയാണ് തറക്കല്ലിട്ടത്. ഇപ്പോള്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായിരിക്കെ ഉദ്ഘാടനം ചെയ്യാനും മോദി തന്നെ എത്തുന്നു. മാർച്ച് 1 മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here