സിപിഎമ്മിലെ ഒറ്റുകാരനാര്? മൊയ്തീന്‍ അടക്കമുള്ള നേതാക്കളുടെ മുഴുവന്‍ വിവരങ്ങളും ഇഡിയുടെ കയ്യില്‍; സിപിഎമ്മില്‍ വിവാദം പുകയുന്നു

തൃശൂര്‍: എ.സി.മൊയ്തീന്‍ എംഎല്‍എയുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ഒറ്റു കൊടുത്തതാര്? മൊയ്തീന് എതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കോപ്പി പോലും ഇഡിയ്ക്ക് ലഭിച്ചിരിക്കെയാണ് ഉള്ളിലെ ഒറ്റുകാരന്‍ ആരെന്ന ചോദ്യം ശക്തമായി ഉയരുന്നത്. മൊയ്തീന് പുറമെ മറ്റ് നേതാക്കളുടെയും വിവരങ്ങള്‍ ഇഡിയ്ക്ക് മുന്നിലെത്തിയതോടെ തൃശൂര്‍ സിപിഎമ്മില്‍ വിവാദം മുറുകുകയാണ്. മൊയ്തീൻ്റെ വീട്ടിലെ റെയ്ഡിന് പുറമേ മറ്റ് കേന്ദ്രങ്ങളിലും അടിക്കടി റെയ്ഡ് വന്നതോടെയാണ് വിവരങ്ങള്‍ മുഴുവന്‍ പാര്‍ട്ടിയില്‍ നിന്ന് ചോർന്നു എന്ന് വ്യക്തമായത്.

മൊയ്തീന്റെ വീട്ടില്‍ റെയ്ഡിന് എത്തുമ്പോള്‍ സൊസൈറ്റി നിക്ഷേപങ്ങളുടെ വിവരങ്ങള്‍ തുടങ്ങി മൊയ്തീന്റെ നിക്ഷേപങ്ങളുടെ മുഴുവന്‍ വിശദാംശങ്ങളും ഇഡിയുടെ കൈവശമുണ്ടായിരുന്നു. കെവൈസി ബാധകമായതിനാൽ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങള്‍ ഇഡിയ്ക്ക് ലഭിക്കാമെങ്കിലും സൊസൈറ്റി നിക്ഷേപങ്ങളുടെ കാര്യത്തിൽ അത് എളുപ്പമല്ല. അതുകൊണ്ട് തന്നെയാണ് വിവരങ്ങൾ ചോർന്നു എന്ന് പാർട്ടി ഉറപ്പിക്കുന്നത്. സൊസൈറ്റി ഭരിക്കുന്നത് സിപിഎമ്മാണ്.

കരുവന്നൂരിലെ സഹകരണ ബാങ്ക് അഴിമതിയെപ്പറ്റി അന്വേഷണം നടത്തിയത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവും തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജനുമാണ്. ഇവരുടെ കയ്യിൽ മാത്രമാണ് അന്വേഷണ റിപ്പോര്‍ട്ട് ഉള്ളത്. റിപ്പോർട്ട് ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലും വായിച്ചിരുന്നുവെങ്കിലും ഒരിടത്തും കോപ്പി കൊടുത്തിട്ടില്ല. ജില്ലാ കമ്മിറ്റിയിലും കോപ്പി വിതരണം ചെയ്തിട്ടില്ല. എന്നാൽ ഇഡി എത്തിയത് ഈ റിപ്പോർട്ടിന്റെ കോപ്പിയുമായാണ്. ഇതെങ്ങനെ എന്നതാണ് കൂടുതൽ ഗൗരവമായി പാർട്ടിക്കുള്ളിൽ പലരും ചോദിക്കുന്നത്. തൃശൂര്‍ സിപിഎമ്മില്‍ വിഭാഗീയത പുകയുന്നുണ്ട്. ഈ വിഭാഗീയതയാണോ റിപ്പോര്‍ട്ട് പുറത്ത് പോയതിന് പിന്നിലുള്ളത് എന്ന അന്വേഷണത്തിലാണ് പാര്‍ട്ടി. വടക്കാഞ്ചേരി കേന്ദ്രീകരിച്ച് പാർട്ടിയിൽ ശക്തമായ ഗ്രൂപ്പിസം ഉണ്ടായിരുന്നു. ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വന്ന് സിപിഎം പ്രതിരോധത്തിലായതോടെ ഇത് ഏറെക്കുറെ നിലച്ചു എന്ന് കരുതിയതാണ്.

അടുത്ത കാലത്ത് ഡിവൈഎഫ്ഐ നേതാവ് വൈശാഖനെ തൃശൂര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്ന് മാറ്റിയിരുന്നു. വനിതാ നേതാവാണ്‌ വൈശാഖന് എതിരെ പരാതി നല്‍കിയത്. പരാതിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്തുകയും ചെയ്തിരുന്നു. ഇതെല്ലാം ചേർന്നുള്ള വിഭാഗീയത പുതിയ സാഹചര്യത്തിലും പാർട്ടിക്ക് തലവേദനയാകുന്നത്. ഇത് തന്നെയാണ് ഇപ്പോഴത്തെ വലിയ ഒറ്റിന് കാരണമെന്ന് ഉറപ്പിച്ചാണ് പാർട്ടി നേതൃത്വം ഉള്ളത്. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് ഊരിയാൽ തൊട്ടുപിന്നാലെ തന്നെ ഉള്ളിലെ ചാരനെ കണ്ടെത്തി കൈകാര്യം ചെയ്യുമെന്നും ഉറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top