ഒടുവിൽ ഇഡിക്ക് മുന്നിൽ മൊയ്തീൻ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി. മൊയ്തീൻ എൻഫോഴ്സ്മെന്റിനു (ഇഡി) മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായി. കരുവന്നൂർ ബാങ്കിൽ നിന്നു ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എ.സി. മൊയ്തീന്റെ ശുപാർശപ്രകാരമാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പത്ത് വർഷത്തെ ബാങ്ക് – നികുതി ഇടപാട് രേഖകൾ സഹിതം ചോദ്യം ചെയ്യലിനു ഹാജരാക്കാനായിരുന്നു ഇഡിയുടെ നിർദ്ദേശം. നേരത്തെ രണ്ടു തവണ മൊയ്തീനു ചോദ്യം ചെയ്യലിനു നോട്ടീസ് നൽകിയെങ്കിലും അസൗകര്യമുണ്ടെന്നു കാട്ടി ഒഴിവാകുകയായിരുന്നു.
2021 ൽ ഇഡി റജിസ്റ്റർ ചെയ്ത കേസിൽ മൊയ്തീന്റെ ആദായനികുതി രേഖകളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ചതിനു മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പു കേസിൽ അറസ്റ്റിലായ സതീശനുൾപ്പടെയുള്ള പ്രതികളിൽ നിന്നു പിടിച്ചെടുത്ത രേഖകളാണ് നിർണ്ണായകമായത്. ഇവരുടെ മൊഴിയിലെ പൊരുത്തക്കേടുകളും മൊയ്‌തീനു തലവേദനയാകും. ഇഡിയുടെ ചോദ്യംചെയ്യലിൽ രാഷ്ട്രീയ പ്രമുഖരുടെ പേരുവിവരങ്ങൾ പുറത്തുവന്നാൽ വലിയ വിവാദങ്ങൾക്ക് വഴി തെളിക്കും.
കരുവന്നൂർ ബാങ്കിൽ 46 ഇടപാടുകളിൽനിന്നായി സതീശനു 23 കോടിയോളം രൂപ വായ്പ ലഭിച്ചു. ഇഡി അറസ്റ്റ് ചെയ്ത പെരിഞ്ഞനം സ്വദേശി കിരണും ഈ ബാങ്കിൽ നിന്ന് 13.4 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. ഈ തുകയും സതീശനാണ് കൈമാറിയത്. കരുവന്നൂർ ബാങ്കിൽ നിന്നും ചാക്കിലാണ് സതീശൻ പണം കടത്തിയതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. നിലവിൽ സിപിഎം നിയന്ത്രണത്തിലുള്ള അൻപതോളം സഹകരണ ബാങ്കുകൾ സംശയത്തിന്റെ നിഴലിലാണ്. അതേസമയം, തട്ടിപ്പുകേസിൽ താൻ ഉത്തരവാദിയാണെന്നതിനു തെളിവില്ലെന്നാണു മൊയ്തീന്റെ വാദം.
വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, സിപിഎം. കൗൺസിലർ അനൂപ് ഡേവിസ് എന്നിവർക്കും ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണ വ്യാപാരി അനിൽ സേട്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗം സി.കെ.ചന്ദ്രൻ, ബാങ്ക് മുൻ മാനേജർ ബിജു കരീം, ബാങ്ക് സെക്രട്ടറി സുനിൽകുമാർ എന്നിവരെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here