കരുവന്നൂർ ബാങ്ക് തട്ടിപ്പ്: മൊയ്തീന്റെ അറസ്റ്റുണ്ടായേക്കും, സിപിഎം നേതാക്കൾ നെട്ടോട്ടത്തിൽ, കൂടുതൽ പേരെ ചോദ്യംചെയ്യുന്നു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിപിഎം നേതാക്കളുടെ ബിനാമി എന്നറിയപ്പെടുന്ന പി. സതീശ് കുമാറിനെ ഇഡി അറസ്റ്റ് ചെയ്തതോടെ പല നേതാക്കളും ഞെട്ടലിലാണ്. മുൻ മന്ത്രി എ.സി. മൊയ്തീനെ മിക്കവാറും അറസ്റ്റ് ചെയ്‌തേക്കും. ഈ മാസം 11 ന് ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സതീശനുമായി ബന്ധമുണ്ടെന്നാരോപിച്ച് സിപിഎമ്മിലെ രണ്ടു ജനപ്രതിനിധികൾ അടക്കം നാലുപേരെ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തട്ടിയെടുത്ത പണം റിയൽ എസ്റ്റേറ്റ് അടക്കമുള്ള ഇടപാടുകളിൽ നിക്ഷേപിച്ചു എന്നാണ് കരുതുന്നത്.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളായ വടക്കാഞ്ചേരി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനെയും തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ഇഡിയുടെ കൊച്ചി ഓഫിസിൽ ചോദ്യം ചെയ്തു വരികയാണ്. ഇതിനുപുറമെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ രാജേഷ്, നേരത്തെ വിളിപ്പിച്ചിരുന്ന ജിജോ എന്നിവരെയും ചോദ്യം ചെയ്യുന്നതായാണ് റിപ്പോർട്ട്. ഈ നാലുപേർക്കും മൊയ്തീനുമായും മറ്റു സിപിഎം നേതാക്കളുമായും ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ നിഗമനം.

ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുകേസിൽ മുഖ്യ ആസൂത്രകൻ ഒന്നാം പ്രതി സതീശ് കുമാർ ആണെന്ന് ഇഡി കോടതിയിൽ പറഞ്ഞു. 2021 ൽ ഇഡി റജിസ്റ്റർ ചെയ്ത കേസിലെ ആദ്യ അറസ്റ്റുകളാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായത്. മൊയ്തീന്റെ ആദായനികുതി രേഖകളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിച്ചതിനു മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പു കേസിൽ അറസ്റ്റിലായ സതീശനുൾപ്പടെയുള്ള പ്രതികളിൽ നിന്നു പിടിച്ചെടുത്ത രേഖകളാണ് നിർണ്ണായകമായത്. ഇവരുടെ മൊഴിയിലെ പൊരുത്തക്കേടുകളും മൊയ്‌തീനു തലവേദനയാകും. രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതരുടെ പണം ഇയാൾ വെളിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇഡിയുടെ ചോദ്യംചെയ്യലിൽ രാഷ്ട്രീയ പ്രമുഖരുടെ പേരുവിവരങ്ങൾ പുറത്തുവന്നാൽ വലിയ വിവാദങ്ങൾക്ക് വഴി തെളിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും സതീശനു അടുത്ത ബന്ധമുണ്ട്. ഇവരെ ഉപയോഗിച്ചാണ് പലിശ നൽകാൻ താമസിക്കുന്നവരെ വിരട്ടുന്നത്.

ജില്ലയിലെ പല ബാങ്കുകളിലും സതീശന്റെ ഇടപെടലുകളുണ്ടെന്നാണ് കരുതുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള അൻപതോളം സഹകരണ ബാങ്കുകൾ സംശയത്തിന്റെ നിഴലിലാണ്. കരുവന്നൂർ ബാങ്കിൽ 46 ഇടപാടുകളിൽനിന്നായി ഇയാൾക്ക് 23 കോടിയോളം രൂപ വായ്പ ലഭിച്ചു. ഇഡി അറസ്റ്റ് ചെയ്ത പെരിഞ്ഞനം സ്വദേശി കിരണും ഈ ബാങ്കിൽ നിന്ന് 13.4 കോടിയോളം രൂപ വായ്പയെടുത്തിരുന്നു. ഈ തുകയും സതീശനാണ് കൈമാറിയത്. കരുവന്നൂർ ബാങ്കിൽ നിന്നും ചാക്കിലാണ് സതീശൻ പണം കടത്തിയതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top