‘ഇത് ഞങ്ങളുടെ സ്റ്റേഷൻ പരിധിയല്ല’!! പോലീസുകാർ തമ്മില്‍ തര്‍ക്കം; യുവാവിന്‍റെ മൃതദേഹം നടുറോഡില്‍ കിടന്നത് മണിക്കൂറുകളോളം

പോലീസുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് യുവാവിൻ്റെ മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനമിടിച്ച് മരിച്ച രാഹുൽ അഹിർവാറിൻ്റെ (27) മൃതദേഹത്തോടാണ് പോലീസുകാർ അനാദരവ് കാട്ടിയത്. രാത്രി ഏഴ് മണിയോടെ മരിച്ച രാഹുലിൻ്റെ മൃതദേഹം 11 മണിയോടെയാണ് റോഡിൽ നിന്ന് മാറ്റിയത്. നാട്ടുകാരുടെ പ്രതിഷേധത്തിന് ശേഷമായിരുന്നു നടപടി.
ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പോലീസ് സ്റ്റേഷനുകൾ തമ്മിൽ അധികാരപരിധിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നാല് മണിക്കൂറിലേറെയാണ് ശരീരം റോഡിൽ കിടന്നത്. അപകടത്തെ തുടർന്ന് സ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ മധ്യപ്രദേശിലെ ഹർപാൽപൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി. എന്നാൽ ഉത്തർപ്രദേശിലെ മഹോബ്കാന്ത് പോലീസ് സ്റ്റേഷൻ്റെ അധികാരപരിധിയിലാണ് സംഭവം നടന്നതെന്ന് പറഞ്ഞ് അവർ മടങ്ങുകയായിരുന്നു.
ഗ്രാമവാസികൾ യുപി പോലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചപ്പോൾ മധ്യപ്രദേശ് പോലീസും അവഗണിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ അപകടസ്ഥലത്തെ റോഡ് ഉപരോധിക്കുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. ജനരോഷം കടുത്തതോടെ നാല് മണിക്കൂറിന് ശേഷം ഹർപാൽപൂർ പോലീസ് എത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
രാഹുലിനെ ഇടിച്ച വാഹനത്തെപ്പറ്റി വിവരം ഒന്നും ലഭിച്ചിട്ടില്ല. അപകട ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നുവെന്നാണ് നിഗമനം. പോലീസെത്തി മൃതദേഹം മാറ്റിയ ശേഷം ഗ്രാമവാസികൾ റോഡ് വൃത്തിയാക്കി ഗതാഗതം പുനസ്ഥാപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here