അമേഠി ദളിത് കുടുംബത്തിൻ്റെ കൂട്ടക്കൊലയിൽ പ്രതി പിടിയിൽ; അഞ്ചു പേരുടെ മരണം നിങ്ങളെ കാണിക്കുമെന്ന് വാട്സാപ്പ് സ്റ്റാറ്റസ്
അമേഠിയിൽ ദളിത് കുടുംബത്തിലെ നാല് പേരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിവുള്ള ഏജൻസികൾ സംസ്ഥാനത്തുണ്ടോ എന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചത്. സംസ്ഥാനത്തെ ക്രമസമാധാന നില വളരെ മോശമായ അവസ്ഥയിലാണ് എന്നാണ് ഈ സംഭവം കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവും സ്ഥലം എംപിയുമായ കിഷോരി ലാൽ ശർമ കുറ്റപ്പെടുത്തി. ക്രമസമാധാനപാലനത്തിൽ നിന്നും സർക്കാർ മുഖം തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇരകളുടെ ബന്ധുക്കളുമായി സംസാരിച്ചെന്ന് ശർമ അറിയിച്ചു.
സർക്കാർ സ്കൂൾ അധ്യാപകനായ സുനിൽ കുമാർ (35), ഭാര്യ പൂനം ഭാരതി (32), ദൃഷ്ടി (6), ഒരു വയസുള്ള മകൾ എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചന്ദൻ വർമ എന്നയാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. വധഭീഷണി മുഴക്കിയതിന് ഇയാൾക്കെതിരെ മരിച്ച പൂനം ഭാരതി നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു. ആഗസ്റ്റ് 18 ന് റായ്ബറേലിയിലെ ഒരു ആശുപത്രിയിൽ താൻ പോയിരുന്നു. അവിടെ വച്ച് വർമ തന്നോട് മോശമായി പെരുമാറി. എതിര്‍ത്തപ്പോള്‍ തന്നേയും ഭർത്താവിനേയും മദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം പലതവണ ഭീഷണി മുഴക്കി. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ചന്ദൻ വർമയായിരിക്കും എന്നായിരുന്നു പരാതി. രണ്ട് മാസം മുമ്പ് നൽകിയ പരാതിയിൽ പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധിത നിയമം ചുമത്തിയെടുത്ത കേസ് നിലവിലുണ്ട്.
ഒരു മാസത്തോളം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി കൊലപാതകങ്ങൾ നടത്തിയതെന്ന് പോലീസ് പറഞ്ഞു. പല തവണ ഇയാൾ താൻ സുനിൽകുമാറിനെയും കുടുംബത്തിനെയും കൊലപ്പെടുത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകളും പ്രതിയുടെ ഫോണിൽ നിന്നും കണ്ടെടുത്തു. ‘’അഞ്ച് പേർ മരിക്കാൻ പോകുന്നു, അത് വൈകാതെ നിങ്ങൾ കാണും” എന്ന വാട്സാപ്പ് സ്റ്റാറ്റസും ഇയാൾ പങ്കുവച്ചിരുന്നു. കൊലപാതകങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്യാനാണ് ഇയാൾ തീരുമാനിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് അഹോർവ ഭവാനി സ്വദേശിയായ ദീപക് സോണിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മൊബൈൽ ഷോപ്പ് നടത്തുന്ന ദീപക് മുഖ്യപ്രതി ചന്ദൻ വർമയുമായി ബന്ധപ്പെട്ടിരുന്നു. ഇതാണ് പ്രതിയെ പിടിക്കാൻ സഹായിച്ചതെന്നാണ് വിവരം. ബ്ലോക്കിലെ പൻഹോണ കോമ്പോസിറ്റ് സ്കൂളിൽ ജോലി ചെയ്തിരുന്ന സുനില്‍ കുമാര്‍ അധ്യാപകനാകുന്നതിന് മുമ്പ് 2020ൽ ഉത്തർപ്രദേശ് പോലീസിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് റായ്ബറേലിയിയിൽ നിന്നും കുടുംബത്തോടൊപ്പം സുനില്‍ അമേഠിയിലേക്ക് താമസം മാറിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here