കട്ടപ്പന ഇരട്ടക്കൊലയില്‍ പ്രതി കുറ്റം സമ്മതിച്ചു; കൊന്നു കുഴിച്ച് മൂടിയത് വയോധികനെയും നവജാത ശിശുവിനെയും; നിതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കട്ടപ്പന: ഇടുക്കി കാഞ്ചിയാറിലെ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി നിതീഷ് (31) കുറ്റം സമ്മതിച്ചു. പ്രതിക്കെതിരെ രണ്ടു കൊലപാതകക്കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സുഹൃത്ത് വിഷ്ണുവിന്റെ പിതാവ് എന്‍.ജി.വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശുവിനെയുമാണ്‌ പ്രതി കൊലപ്പെടുത്തിയത്. ഇടുക്കി എസ്പി കട്ടപ്പന പോലീസ് സ്റ്റേഷനില്‍ ഇന്ന് നേരിട്ടെത്തിയാണ് ചോദ്യം ചെയ്തത്. പ്രതികളായ വിഷ്‌ണു വിജയൻ (27), രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയാണ് ചോദ്യം ചെയ്തത്.

നിലവില്‍ ഇവര്‍ മോഷണക്കേസുമായി ബന്ധപ്പെട്ട് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത് ഇവര്‍ മുന്‍പ് ഉള്‍പ്പെട്ട മോഷണക്കേസുമായി ബന്ധപ്പെട്ടതായതിനാല്‍ കൊലക്കേസില്‍ രണ്ടാമതും കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ ഹാജരാക്കി.

“മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് കട്ടപ്പന ഡിവൈഎസ്പി ടി.വി.ബേബി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “പ്രതികള്‍ കോടതിയിലാണ്. അതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പ്രതികളെ കൊണ്ടുപോകണം. അപ്പോഴേ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വ്യക്തമാകൂ”-ഡിവൈഎസ്പി പറഞ്ഞു.

ഒരു വര്‍ക്കുഷോപ്പിൽ നടത്തിയ മോഷണശ്രമവുമായി ബന്ധപ്പെട്ട് വിഷ്‌ണുവും നിതീഷും പോലീസിന്റെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ വിഷ്ണുവിന്റെ പിതാവിനെയും, നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ജനിച്ച നവജാതശിശുവിനെയും കാണാതായ വിവരം പോലീസിന് ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഷ്ണുവിന്റെ കാഞ്ചിയാറിലെ വീട്ടില്‍ കട്ടപ്പന പോലീസ് അന്വേഷണത്തിനായി എത്തിയിരുന്നു.

വീടിന്റെ അകത്തെ തറ പൊളിച്ചതായും പൂജകൾ നടക്കുന്നതായും കണ്ടെത്തി. ദുർമന്ത്രവാദത്തിന്‍റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയത് എന്ന വിവരമാണ് പോലീസിന് ലഭിച്ചത്. നിതീഷ് തന്നെയാണ് ഇരുകൊലപാതകങ്ങളും നടത്തിയിട്ടുള്ളത്. ഇനി പോലീസിന് അറിയാനുള്ളത് ഈ കൊലകളില്‍ വിഷ്ണുവിനുള്ള പങ്ക് എന്താണ് എന്നതാണ്

എട്ട് മാസം മുന്‍പാണ് കട്ടപ്പന സാഗര ജങ്ഷനില്‍ ഇവര്‍ വീട് വാടകക്കെടുത്ത് താമസിക്കാൻ തുടങ്ങിയത്. വീട് പോലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top