കുറ്റം സമ്മതിച്ച് യൂത്ത് കോൺഗ്രസുകാർ; തിരഞ്ഞെടുപ്പിൽ വ്യാജരേഖ ചമച്ചു, അറസ്റ്റിലായത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് മ്യൂസിയം സ്റ്റേഷൻ എസ്ഐ പി.ഡി.ജിജുകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പത്തനംതിട്ട അടൂർ സ്വദേശികളായ അഭി വിക്രം, ബിനിൽ ബിനു, ഫെനി നൈനാൻ, വികാസ് കൃഷ്ണൻ എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവർക്കെതിരെ ഡിജിറ്റൽ തെളിവ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ളവരാണ് അറസ്റ്റിലായ നാല് പേരും. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

പ്രതികളുടെ വീടുകളിൽ പോലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. അഭിയുടെയും ബിനിലിന്റേയും ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നുമായി 24 തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. ഇവയെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ഐഡി കാർഡുകൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകും. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവരുമായി അടുത്ത ബന്ധമുണ്ട്. പാർട്ടിയിൽ നിന്ന് തനിക്കെതിരെ പടയൊരുക്കം നടന്നിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പിൽ ഹാക്കർമാർ ഇടപെട്ടന്ന് എ.എ.റഹിം ആരോപിച്ചിരുന്നു. അങ്ങെനെയെങ്കിൽ അതിനുള്ള തെളിവ് കാണിക്കാനും രാഹുൽ പറഞ്ഞു.

കേരളത്തിൽ ആദ്യമായാണ് ഒരു സംഘടനാ തിരഞ്ഞെടുപ്പിനെതിരെ ഇത്തരം ആരോപണം ഉയരുന്നത്. സംസ്ഥാന കോൺഗ്രസിനുള്ളിലെ ചേരിപ്പോരാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് വിവരം. എ ഗ്രൂപ്പ് അംഗങ്ങൾ പല വിഭാഗമായി തിരിഞ്ഞാണ് ഇത്തവണ മത്സരിച്ചത്. മ്യൂസിയം എസ്എച്ച്ഒ എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പിന് ഡൽഹിയിൽ നിന്ന് നോമിനേറ്റ് ചെയ്യുന്ന ഇപ്പോഴുള്ള രീതി ശരിയല്ലെന്നും ഇത് സംഘടനക്ക് ഗുണം ചെയ്യില്ലെന്നും നേരത്തെ പറഞ്ഞിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഇന്നലെ കോട്ടയത്ത് പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top